ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെ കടന്നാക്രമിച്ച് മുൻ സഹതാരവും രാഷ്‌ട്രീയക്കാരനുമായ മനോജ് തിവാരി. ഗംഭീർ കാപട്യക്കാരനാണെന്നും പറയുന്നതല്ല ചെയ്യുന്നതെന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഒപ്പം കളിച്ചിരുന്ന മനോജ് പറഞ്ഞു. ഗംഭീർ ഒറ്റയ്‌ക്ക് ഒരിക്കലും ഒരു കിരീടവും നേടിയിട്ടില്ലെന്നും മനോജ് തുറന്നടിച്ചു. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ 1-3ന് തോറ്റതിന് പിന്നാലെയാണ് താരത്തിന്റെ വിമർശനം. തന്റെ തീരുമാനം ചോദ്യം ചെയ്യാത്ത ആൾക്കാരെയാണ് അയാൾ ഒപ്പം കൂട്ടുന്നതെന്നും തിവാരി പറഞ്ഞു.
“ഗൗതം ഗംഭീർ ഒരു കാപട്യക്കാരനാണ്. അയാൾ പറയുന്നതല്ല ചെയ്യുന്നത്. രോഹിത്തും അഭിഷേക് നായരും മുംബൈക്കാരാണ്. രോഹിത്തിനെ മുന്നിലേക്ക് തള്ളിയിട്ടു. രോഹിത്തുമായി അയാൾ ചേരില്ല. എന്താണ് ബൗളിംഗ് പരിശീലകന്റെ ജോലി. എന്താണോ പരിശീലകൻ പറയുന്നത് അതിന് തലയാട്ടുക മാത്രമാണ്.
മോണി ലക്നൗവിൽ നിന്നും അഭിഷേക് കൊൽക്കത്തയിൽ നിന്നുമാണ് വന്നത്. ഇരുവരും ഗംഭീറിനൊപ്പം ജോലി ചെയ്തിരുന്നു. ഇവരാരും തന്റെ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കില്ലെന്ന് അയാൾക്ക് അറിയാം. ഗംഭീർ ക്യാപ്റ്റനായും മെൻ്ററായും കൊൽക്കത്തയ്‌ക്കൊപ്പം കിരീടം നേടി. അയാൾ തനിച്ചല്ല അത് ചെയ്തത്. ഞങ്ങളെല്ലാം മികച്ച സംഭാവനകൾ നൽകി. പക്ഷേ ആരാണ് ക്രെഡിറ്റ് എടുത്തത്. ഇത് അനുവദിക്കുന്ന അന്തരീക്ഷവും ഒരു പിആർ ടീം തന്നെയുണ്ട്”—- മനോജ് പറഞ്ഞു.