കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യ ഹർജി തള്ളി കോടതി. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്. ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
ജാമ്യാപേക്ഷ തള്ളിയ കോടതിയുടെ ഉത്തരവിന് പിന്നാലെ പ്രതിക്കൂട്ടിൽ തളർന്നിരുന്ന ബോബി ചെമ്മണ്ണൂരിനെ വിശ്രമിക്കാൻ അനുവദിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എറണാകുളം ജില്ലാ ആശുപത്രിയിലേക്കാണ് ബോബിയെ കൊണ്ടുപോയത്. റിമാൻഡിൽ വിടുന്നുവെന്ന കോടതി ഉത്തരവ് കേട്ടതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടെന്ന് ബോചെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ കോടതിമുറിയിൽ വിശ്രമിക്കാൻ കോടതി അനുവദിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
നിർവികാരനായി വാദങ്ങൾ കേട്ട് കോടതിമുറിയിൽ നിന്ന ബോചെ ജാമ്യ ഹർജി തള്ളിയെന്ന് അറിഞ്ഞതോടെ തളരുകയായിരുന്നു. തനിക്ക് രക്തസമ്മർദ്ദമുണ്ടെന്നാണ് ബോചെ അറിയിച്ചത്. വൈദ്യപരിശോധനയിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ചതോടെ ബോചെയെ ജയിലിലേക്ക് മാറ്റി.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബോബിയുടെ ജാമ്യഹർജി പരിഗണിച്ചത്. ഇവിടെ ജാമ്യാപേക്ഷ തള്ളിയതിനാൽ അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കുമെന്ന് ബോബിയുടെ അഭിഭാഷകൻ വ്യക്തമാക്കി. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ബോ.ചെ. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നാണ് നടി ഹണി റോസിന്റെ പ്രതികരണം.