നിരവധി ആരോഗ്യ ഗുണങ്ങളുള്ള പ്രകൃതിദത്ത എണ്ണയാണ് ഗാർലിക് ഓയിൽ അഥവാ വെളുത്തുള്ളി എണ്ണ. പല തരത്തിലുള്ള അസുഖങ്ങളെ മാറ്റാനുള്ള കഴിവുകൾ വെളുത്തുള്ളി എണ്ണയ്ക്കുണ്ട്. വെളുത്തുള്ളി എണ്ണ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ പലരും മടിക്കും. എന്നാൽ സമയമെടുത്ത് ക്ഷമയോടെ ഉണ്ടാക്കുമ്പോൾ അതിന്റേതായ ഉപയോഗങ്ങളും നമ്മെ തേടിവരും.
ഭക്ഷണം പാകം ചെയ്യുമ്പോൾ വെളുത്തുള്ളി എണ്ണ ചേർത്ത് കൊടുക്കാവുന്നതാണ്. അതോടൊപ്പം കുളിക്കുന്നതിന് മുമ്പ് മുടിയിൽ തേയ്ക്കുന്നതിനും ഇവ നല്ലതാണ്. ആരോഗ്യഗുണങ്ങളോടൊപ്പം മുടിയുടെ സംരക്ഷണത്തിനും അത്യുത്തമമാണ് ഗാർലിക് ഓയിൽ. അല്ലിസിൻ പോലെയുള്ള സംയുക്തങ്ങൾ വെളുത്തുള്ളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കി, രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും ഇവ നല്ലതാണ്.
ഹൃദ്രോഗസംബന്ധ പ്രശ്നങ്ങൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും വെളുത്തുള്ളി എണ്ണ ഉത്തമമാണ്. ആൻ്റിഓക്സിഡൻ്റുകളാൽ സമ്പന്നമായ വെളുത്തുള്ളി രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു. ജലദോഷം, പനി തുടങ്ങിയ അസുഖങ്ങളിൽ നിന്ന് രക്ഷനേടുന്നതിനും ഗാർലിഗ് ഓയിൽ നല്ലതാണ്.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ, വയറുവേദന, ദഹനക്കേട്, സന്ധിവേദന എന്നിവ തടയാനും വെളുത്തുള്ളി എണ്ണ സഹായിക്കുന്നു. ചർമ സംരക്ഷണത്തിനും ഉപയോഗപ്രദമാണ് ഗാർലിക് ഓയിൽ. മുഖക്കുരു, പാടുകൾ എന്നിവ ഇല്ലാതാക്കാനും ഇവ ഉത്തമമാണ്.