തൃശൂർ: മലയാളി തലമുറകളായി നെഞ്ചോട് ചേർത്ത ഒരുപാട് ഭാവഗാനങ്ങൾ സമ്മാനിച്ച ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 7.54 ഓടെ ആയിരുന്നു അന്ത്യം.
ഭാവഗാനങ്ങൾ കൊണ്ട് മലയാള സിനിമാ ഗാനങ്ങളെ സമ്പന്നമാക്കിയ ഗായകനായിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് അദ്ദേഹം പാടിയ മിക്ക സിനിമാപാട്ടുകളും ഇന്നത്തെ യുവതലമുറയ്‌ക്കിടയിൽ പോലും ജനപ്രിയമാണ്. ദീർഘകാലമായി കരൾ
രോഗത്തിനുള്ള ചികിത്സയിലായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ടുള്ള ഗാനവുമായി അദ്ദേഹം വീണ്ടും ആരാധകരെ അതിശയിപ്പിച്ചിരുന്നു.
1944 മാർച്ച് 3 നായിരുന്നു ജനനം. മഞ്ഞലയിൽ മുങ്ങിത്തോർത്തി… ധനുമാസ ചന്ദ്രിക വന്നൂ വർഷങ്ങളേറെ കഴിഞ്ഞിട്ടും മലയാളിയുടെ നാവിൻതുമ്പിൽ തേൻമധുരം പകർന്ന
എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ ജയചന്ദ്രന്റെ ശബ്ദത്തിൽ പിറന്നിട്ടുണ്ട്. പിതാവ് രവിവർമ്മ കൊച്ചനിയൻ തമ്പുരാൻ സംഗീതജ്ഞനായിരുന്നു. അമ്മ സുഭദ്രക്കുഞ്ഞമ്മ.
1965 ൽ പുറത്തിറങ്ങിയ കുഞ്ഞാലിമരയ്‌ക്കാർ എന്ന ചിത്രത്തിലെ ഒരു മുല്ലപ്പൂമാലയുമായി എന്ന ഗാനത്തിലൂടെയാണ് സിനിമാ ഗാനരംഗത്തേക്ക് ജയചന്ദ്രൻ ചുവടുവെച്ചത്. എന്നാൽ ആ ചിത്രം പുറത്തിറങ്ങും മുൻപ് മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന എവർഗ്രീൻ ഗാനം ജയചന്ദ്രനെ തേടിയെത്തി. ദേവരാജൻ – പി ഭാസ്‌കരൻ കൂട്ടുകെട്ടിൽ ജൻമം കൊണ്ട ഈ ഗാനമാണ് മലയാള സിനിമാ സംഗീത ലോകത്ത് പി. ജയചന്ദ്രൻ എന്ന ഭാവഗായകന് സിംഹാസനം ഒരുക്കിയത്. അവിടെ നിന്നിങ്ങോട്ട് മലയാളിയുടെ ഹൃദയത്തിലിടം പിടിച്ച ഒട്ടേറെ ഗാനങ്ങളാണ് ആ ശബ്ദത്തിൽ പുറത്തുവന്നത്.
നീലഗിരിയുടെ സഖികളേ…, അനുരാഗ ഗാനം പോലെ…, സ്വർണഗോപുര നർത്തകീ ശിൽപം…, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശിൽപം…, കേരനിരകളാടും ഒരു ഹരിത ചാരുതീരം…, തുടങ്ങിയ ഒട്ടേറെ ഗാനങ്ങൾ ആ ശബ്ദത്തിലൂടെ മാത്രമാണ് മലയാളി ഇന്നും മനസിൽ പതിപ്പിച്ചത്.