മലയാള മണ്ണിൽപ്പിറന്ന സംഗീതപ്രതിഭകൾ അനവധിയാണ്. ലോകത്തിന്റെ നെറുകയിൽ മലയാളത്തെയെത്തിച്ച, സംഗീതലോകത്തിന് എക്കാലവും അഭിമാനമായ അനവധി പേർ പിറന്ന നാട്. എന്നാൽ മനുഷ്യവികാരങ്ങൾ ഈണത്തിൽ ചാലിച്ച് ആലപിക്കാൻ പി ജയചന്ദ്രനെ വെല്ലുന്ന മറ്റൊരു ഗായകൻ ഈ മണ്ണിൽ പിറന്നിട്ടില്ല. ആലാപനത്തിന്റെ മാധുര്യത്താൽ ശ്രോതാവിനെ ആസ്വാദനത്തിന്റെ കൊടുമുടിയിലെത്തിച്ച അതുല്യ ഗായകൻ. ഭാവഗായകൻ വിടപറയുമ്പോൾ ആ സ്വരത്തിൽ പിറന്ന ഹിറ്റ് പാട്ടുകൾ ഓരോ മലയാളിയുടെയും കാതുകളിൽ ഓർമകളായി അലയടിക്കുകയാണ്.
1944 മാർച്ച് മൂന്നിന് എറണാകുളത്താണ് ജനിച്ചതെങ്കിലും പാലിയത്ത് ജയചന്ദ്രകുട്ടൻ വളർന്നതെല്ലാം തൃശൂരിലായിരുന്നു. രവിപുരത്ത് നിന്ന് ഇരിങ്ങാലക്കുടയിലേക്ക് കുടുംബം താമസം മാറിയതോടെ മലയാളത്തിന്റെ ഭാവഗായകൻ അടിമുടി തൃശൂരുകാരനായി. രവിവർമ കൊച്ചനിയൻ തമ്പുരാൻ, പാലിയത്ത് സുഭദ്രക്കുഞ്ഞമ്മ എന്നിവരുടെ മൂന്നാമത്തെ മകനായിരുന്നു അദ്ദേഹം. യുവജനോത്സവ വേദികളിൽ നിറസാന്നിധ്യമായിരുന്ന പി ജയചന്ദ്രന് കഥകളി, മൃദംഗം, ചാക്യാർകൂത്ത് തുടങ്ങിയവയിലും താത്പര്യമുണ്ടായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ സുവോളജിയിൽ ബിരുദം നേടിയതിന് ശേഷം ചെന്നൈയിലേക്ക് പോയ അദ്ദേഹം തന്റെ കരിയർ പടുത്തുയർത്തിയതും അവിടെ തന്നെ. 1973ലായിരുന്നു വിവാഹം. തൃശൂർ സ്വദേശിയായ ലളിതയെ ജീവിതസഖിയാക്കി. ഒരു മകനും മകളും ഇവർക്ക് ജനിച്ചു.
മഞ്ഞലയിൽ മുങ്ങിത്തോർത്തിയെന്ന ( ചിത്രം: കളിത്തോഴൻ) ഗാനമായിരുന്നു ജയചന്ദ്രന് കരിയർ ബ്രേക്ക് നൽകിയത്. അവിടെ നിന്ന് മികച്ച പിന്നണി ഗായകനിലേക്കുള്ള യാത്ര വളരെ പെട്ടെന്നായിരുന്നു. ദേശീയ പുരസ്കാരം ഒരുതവണയും സംസ്ഥാന പുരസ്കാരം അഞ്ചുവതവണയും നേടിയ അദ്ദേഹം തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം നാലുതവണയും കരസ്ഥമാക്കിയിട്ടുണ്ട്. പിന്നണി ഗായകനെന്ന നിലയിൽ പതിനായിരത്തിലധികം പാട്ടുകളാണ് ജയചന്ദ്രന്റെ ശബ്ദത്തിൽ പിറന്നത്. മലയാള സിനിമയിലെ സമഗ്ര സംഭാവനയ്‌ക്ക് 2020ലെ ജെ.സി ഡാനിയേൽ പുരസ്കാരം നൽകി സംസ്ഥാന സർക്കാർ അദ്ദേഹത്തെ ആദരിച്ചിരുന്നു.
വിവിധ ഭാഷകളുടെ തനിമ ചോരാതെ ആസ്വാദകർക്ക് ഇമ്പമേകാൻ കഴിഞ്ഞുവെന്നതാണ് ജയചന്ദ്രന്റെ സവിശേഷത. “രാസാത്തി ഒന്നെ കാണാതെ നെഞ്ച് കാത്താടി പൊലാട്ത്” എന്ന ഗാനം അതിനൊരുദാഹരണം മാത്രം. ഇതിനിടെ ചില സിനിമകളിലും (നഖക്ഷതങ്ങൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, കൃഷ്ണപരുന്ത്, ട്രിവാൻഡ്രം ലോഡ്ജ് ) ചില സംഗീത ആൽബങ്ങളിലും അദ്ദേഹം അഭിനയിക്കുകയും ചെയ്തിരുന്നു.
മലയാളിയുടെ ഹൃദയത്തിൽ പതിഞ്ഞ ഒരുപിടി ജയചന്ദ്രൻ ഗാനങ്ങൾ
മഞ്ഞലയിൽ മുങ്ങിത്തോർത്തി
ധനുമാസ ചന്ദ്രിക വന്നു
നിന്നെ മാത്രം കണ്ടില്ലല്ലോ
നീ മാത്രം വന്നില്ലല്ലോ
പ്രേമചകോരീ ചകോരീ ചകോരീ..
മലയാളഭാഷ തൻ മാദക ഭംഗി നിൻ
മലർ മന്ദഹാസമായ് വിരിയുന്നു..
നീലഗിരിയുടെ സഖികളേ
ജ്വാലാമുഖികളെ..
രാസാത്തി ഉന്നെ കാണാതെ
നെഞ്ച് കാറ്റാടി പോലാടുത്..
പ്രായം നമ്മിൽ മോഹം നൽകി
മോഹം കണ്ണിൽ പ്രേമം നൽകി..
ആരാരും കാണാതെ
ആരോമൽ തൈമുല്ല
പിന്നെയും പൂവിടുമോ..
ആരും ആരും കാണാതെ
ചുണ്ടത്തെ ചെമ്പകമൊട്ടിന്മേൽ
ചുംബന കുങ്കുമം തൊട്ടു ഞാൻ..
അറിയാതെ അറിയാതെ
ഈ പവിഴവാർത്തിങ്കളറിയാതെ..
വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ
കുളിർമഞ്ഞിൽ കുറുകുന്ന വെൺപ്രാവേ..
കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ
കണ്ണിൻ കണ്ണെ നിന്നെ കണ്ടു ഞാൻ..
പുരസ്കാരം ലഭിച്ച ഗാനങ്ങൾ:
ദേശീയ പുരസ്കാരം:
ശിവശങ്കര ശർവ്വശരണ്യവിഭോ ഭവസങ്കടനാശന പാഹി ശിവ (1986)
സംസ്ഥാന പുരസ്കാരം:
സുപ്രഭാതം (1972)
രാഗം ശ്രീരാഗം (1978)
പ്രായം തമ്മിൽ മോഹം നൽകി (2000)
നീയൊരു പുഴയായ് (2004)
ഞാനൊരു മലയാളി, മലർവാകക്കൊമ്പത്തെ, ശാരദാംബരം (2015)
ആറ് പതിറ്റാണ്ടോളം കരിയറിൽ സജീവമായിരുന്നു ജയചന്ദ്രൻ. മലയാളിയെ ഉറക്കിയും ഉണർത്തിയും ആ ശബ്ദം ഏറെകാലം നമ്മെ തഴുകി. പ്രണയവും വിരഹവും പ്രതീക്ഷയും കാത്തിരിപ്പുമെല്ലാം മലയാളി ആസ്വദിച്ചത് ഭാവഗായകന്റെ ശബ്ദത്തിലൂടെയായിരുന്നു. ആ ശബ്ദം എന്നന്നേക്കുമായി നിലയ്‌ക്കുമ്പോഴും കാതുകളിൽ മുഴങ്ങുകയാണ് “അനുരാഗം മീട്ടും ഗന്ധർവ്വൻ.. നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ…“















