തൃശൂർ; ഒട്ടും പ്രതീക്ഷിക്കാതെയാണ് ഗായകൻ പി. ജയചന്ദ്രന്റെ മരണവാർത്ത മലയാളികൾ കേട്ടത്. അസുഖബാധിതനാണെന്ന വിവരം നേരത്തെ മുതൽ പുറത്തുവന്നിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്ത് കുറച്ചു നാളുകൾ മുൻപ് വീണ്ടും അദ്ദേഹം പൊതുവേദികളിൽ എത്തിയതിന്റെ ആശ്വാസത്തിലായിരുന്നു മലയാളികൾ. ഇതിനിടയിലാണ് അപ്രതീക്ഷിതമായി മരണവാർത്തയെത്തിയത്.
ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ആയത്. കരൾ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇടയ്‌ക്ക് കഫക്കെട്ട് ഉണ്ടായതിനെ തുടർന്നാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ ചികിത്സ തേടിയതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. സോജൻ പറഞ്ഞു.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വീട്ടിൽ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ദിവസങ്ങൾക്ക് മുൻപ് ഡിസ്ചാർജ്ജ് ആയി. എന്നാൽ
വൈകിട്ട് ശ്വാസതടസം ഉണ്ടാകുകയായിരുന്നു. രാത്രി 7.30 ഓടെയാണ് അമല ആശുപത്രിയുടെ കാഷ്വാലിറ്റിയിൽ കൊണ്ടുവന്നത്. 7.53 ഓടെ മരിച്ചു.
മലയാളിയുടെ മനസിൽ തങ്ങി നിൽക്കുന്ന നൂറുകണക്കിന് ഗാനങ്ങൾക്ക് ഭാവതീവ്രത പകർന്ന പാട്ടുകാരനായിരുന്നു പി. ജയചന്ദ്രൻ. പഴയതെന്നോ പുതിയതെന്നോ വ്യത്യാസമില്ലാതെ തലമുറകൾ ഒരുപോലെ ഏറ്റടുക്കുന്ന ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ മധുരമൂറുന്ന ശബ്ദത്തിൽ മലയാളി കേട്ടത്.
മൃതദേഹം ഇന്ന് അമല ആശുപത്രിയിൽ സൂക്ഷിക്കും. നാളെ പൂങ്കുന്നത്തെ വീട്ടിൽ 9 മണി മുതൽ പൊതുദർശനത്തിന് വയ്‌ക്കും. 12.30 വരെ സംഗീത നാടക അക്കാദമിയിൽ പൊതുദർശനം. പറവൂർ ചേന്ദമംഗലത്ത് തറവാട്ട് വീട്ടിലാണ് സംസ്‌കാരം.















