ഭാഷയുടെ അതിർവരമ്പുകൾ കടന്ന് തമിഴിൽ എത്തിയപ്പോഴും ഭാവഗായകൻ ശബ്ദം നൽകിയ തമിഴ്പാട്ടുകൾ ഹിറ്റുകളിൽ നിന്ന് ഹിറ്റുകളിലേക്ക് ചേക്കേറി. 1973ൽ എ ജഗനാഥൻ സംവിധാനം ചെയ്ത മണിപയൽ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ പി.ജയചന്ദ്രന്റെ അരങ്ങേറ്റം. എം.എസ് വിശ്വനാഥൻ സംഗീതം പകർന്ന് വാലി എഴുതിയ ഗാനം ആലപിച്ചത് പുഷ്പലതയ്‌ക്കൊപ്പം. മലയാളിയുടെ ആലാപനം വിശ്വനാഥന് ഏറെയിഷ്ടമായി.
തങ്ക ചിമിഴ് പോൽ എന്ന ഗാനം തമിഴിലേക്കുള്ള പി.ജയചന്ദ്രന്റെ ചവിട്ടുപടിയായിരുന്നു. തുടർന്നങ്ങോട്ട് എം.എസ് വിശ്വനാഥൻ സംഗീതം പകർന്ന മൂന്ന് ചിത്രങ്ങളിലും പി.ജയചന്ദ്രൻ ഭാഗമായി.മന്ദാര മലരെ എന്ന ഗാനം തമിഴ്നാട്ടിൽ ഹിറ്റായതോടെ പി.ജയചന്ദ്രൻ കോളിവുഡിൽ പുതിയ വാഗ്ദാനമായി. താെട്ടുപിന്നാലെ കമലും രജനിയും ശ്രീദേവിയും ഒന്നിച്ച മൂണ്ട്രു മുടിച്ചിലെ വസന്തകാല നദികളിലെ എന്ന ഗാനവും ജയചന്ദ്രനെ ജനപ്രീയനാക്കി. 1976-ലായിരുന്നു മാസ്ട്രോ ഇളയരാജയുമായി കൈകോർക്കുന്നത്. അതൊരു ഹിറ്റ് കൂട്ടുക്കെട്ടിനാണ് തുടക്കമിടുന്നത്. കിഴക്കേ പോകും റെയിലായിരുന്നു ഇരുവരും ഒരുമിക്കുന്ന ആദ്യ ചിത്രം.
പിന്നാലെ ചിത്തിര സെവ്വാനം, ഒരു വാനവിൽ തുടങ്ങിയ ഹിറ്റുകൾ ഈ കൂട്ടുക്കെട്ടിൽ പിറന്നു. ടി രാജേന്ദറിനൊപ്പം ഒരു തലൈ രാഗത്തിനായി ഒരുമിച്ചതും വെറുതെയായില്ല. പിന്നീട് എം.എസ് വിശ്വനാഥനും ടി രാജേന്ദറിനുമൊപ്പം ചില ഗാനങ്ങൾക്ക് കൂടി ഒരുമിച്ചപ്പോഴും ജയചന്ദ്രനെ അടയാളപ്പെടുത്തുന്നതായിരുന്നു ഇവ. ഇതിന് പിന്നാലെയാണ് ചരിത്രമായ ഇളയരാജ-പി ജയചന്ദ്രൻ കൂട്ടുക്കെട്ട് മറ്റൊരു തലത്തിലേക്ക് ഉയരുന്നത്. വൈദേഹി കാത്തിരുന്താലിലെ രാസാത്തി ഉന്നൈ.. തമിഴ്നാട് ഏറ്റുപാടി. പൂവെ എടുത്ത് ഒരു മാല, കൂടൈയിലെ മല്ലിപ്പൂ, കാത്തിരുന്ത്..കാത്തിരുന്ത്, പൂവ എടുത്ത് ഒരു മാലൈ തൊടുത്ത് വച്ചേനേ ഉൻ ചിന്ന രാസാ..തുടങ്ങി തമിഴിൽ ജയചന്ദ്രൻ എന്ന ഗായകന്റെ സുവർണകാലത്തിന്റെ തുടക്കമായിരുന്നു അത്.
എ.ആർ റഹ്മാനൊപ്പം ചേർന്നപ്പോഴും അത് വലിയ വിജയങ്ങളായി. കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ ഒരു ദൈവം തന്ത പൂവേ എന്ന ഗാനം കൾട്ട് ക്ലാസിക്കായി. കാതലൻ, കിഴക്ക് ചീമയിലെ, മേയ് മാദം,ബാബ തുടങ്ങിയവയിൽ ശ്രദ്ധേയ ഗാനങ്ങൾ റഹ്മാനായി പാടി. ജി.വി പ്രകാശ് കുമാറിനൊപ്പം ഒരു കനവെല്ലാം ഫലിക്കിതെ എന്ന ഒറ്റ ഗാനത്തിനായി ഒരുമിച്ചു. വിദ്യാസാഗർ, ദേവ, ഭരണി, രാജ്കുമാർ തുടങ്ങി നിരവധിപേർക്കായി പാടിയ ജയചന്ദ്രൻ 80-ഓളം ഗാനങ്ങളാണ് തമിഴിൽ ആലപിച്ചത്.















