ഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. സംഗീതത്തെ ഇത്രയും സ്നേഹിച്ച ഒരു പാട്ടുകാരൻ വേറെയുണ്ടാവില്ലെന്നും സംസാരിക്കാനാകാതെ വാക്കുകൾ മുറിയുകയാണെന്നും ശ്രീകുമാരൻ തമ്പി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“മറ്റ് പാട്ടുകാരെ എപ്പോഴും വാഴ്‌ത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ജയചന്ദ്രൻ. അദ്ദേഹം സംഗീതത്തെയാണ് സ്നേഹിച്ചിരുന്നത്. എല്ലാ ഭാഷകളിലുമുള്ള പാട്ടുകൾ കാണാതെ പഠിച്ചിട്ടുള്ള ഒരു ഗായകൻ വെറെയുണ്ടാകില്ല”.
“ഞങ്ങൾ സഹോദരന്മാരാണ്. അദ്ദേഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ഞാൻ അറിയുന്നുണ്ടായിരുന്നു. പി ജയചന്ദ്രൻ എന്നും മറ്റ് പാട്ടുകാരെ കുറിച്ചാണ് സംസാരിക്കുന്നത്. സ്വന്തം പാട്ടുകളെ കുറിച്ച് പറയാറില്ല എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ മഹത്വം”.
ജയചന്ദ്രന്റെ ആത്മാവായിരുന്നു സംഗീതം. പാട്ടിലെ ഭാവങ്ങളാണ് അദ്ദേഹത്തെ മറ്റുള്ള ഗായകരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. 58 വർഷം നീണ്ടുനിന്ന സാഹോദര്യമായിരുന്നു ഞങ്ങളുടേത്”. ജയചന്ദ്രന് വേണ്ടി ഏറ്റവും കൂടുതൽ പാട്ടുകൾ എഴുതിയ വ്യക്തിയാണ് താനെന്നും അതിൽ തനിക്ക് ഒരുപാട് അഭിമാനമുണ്ടെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.















