ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെ കപടനാട്യക്കാരനെന്ന് വിളിച്ച മുൻതാരം മനോജ് തിവാരിക്കെതിരെ വിമർശിച്ച് ഇന്ത്യൻ താരങ്ങളായ ഹർഷിത് റാണയും നിതീഷ് റാണയും. വിമർശനം സത്യങ്ങളുടെ അടിസ്ഥാനത്തിലാകണം. അല്ലാതെ വ്യക്തി വൈരാഗ്യങ്ങളുടെ പുറത്താകരുതെന്നും നിതീഷ് പറഞ്ഞു. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നിസ്വാര്‍ത്ഥനായ കളിക്കാരിലൊരാളാണ് ഗൗതീ ഭായി. ഏത് മോശം ഘട്ടത്തിലും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറുള്ളയാളുമാണ് അദ്ദേഹം. മികച്ച പ്രകടനമുണ്ടെങ്കില്‍ പിആര്‍ വര്‍ക്കിന്‍റെ ആവശ്യമില്ലെന്നും നിതീഷ് റാണ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി. വ്യക്തിവൈരാഗ്യത്തിന്‍റെ പേരില്‍ ആരെയും വിമര്‍ശിക്കുന്നത് ശരിയല്ലെന്നും കളിക്കാരുടെ മോശം സമയത്തും അവരെ പിന്തുണക്കുന്ന പരിശീലകനാണ് ഗംഭീറെന്നും ഹര്‍ഷിത് റാണയും പ്രതികരിച്ചു.
“ഗൗതം ഗംഭീർ ഒരു കപടനാട്യക്കാരനാണ്. അയാൾ പറയുന്നതല്ല ചെയ്യുന്നത്. രോഹിത്തും അഭിഷേക് നായരും മുംബൈക്കാരാണ്. രോഹിത്തിനെ മുന്നിലേക്ക് തള്ളിയിട്ടു. രോഹിത്തുമായി അയാൾ ചേരില്ല. എന്താണ് ബൗളിംഗ് പരിശീലകന്റെ ജോലി. എന്താണോ പരിശീലകൻ പറയുന്നത് അതിന് തലയാട്ടുക മാത്രമാണ്.
മോണി ലക്നൗവിൽ നിന്നും അഭിഷേക് കൊൽക്കത്തയിൽ നിന്നുമാണ് വന്നത്. ഇരുവരും ഗംഭീറിനൊപ്പം ജോലി ചെയ്തിരുന്നു. ഇവരാരും തന്റെ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കില്ലെന്ന് അയാൾക്ക് അറിയാം. ഗംഭീർ ക്യാപ്റ്റനായും മെൻ്ററായും കൊൽക്കത്തയ്‌ക്കൊപ്പം കിരീടം നേടി. അയാൾ തനിച്ചല്ല അത് ചെയ്തത്. ഞങ്ങളെല്ലാം മികച്ച സംഭാവനകൾ നൽകി. പക്ഷേ ആരാണ് ക്രെഡിറ്റ് എടുത്തത്. ഇത് അനുവദിക്കുന്ന അന്തരീക്ഷവും ഒരു പിആർ ടീം തന്നെയുണ്ട്”—- എന്നായിരുന്നു മനോജിന്റെ വിമർശനം.