ന്യൂഡൽഹി: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘അവിഭക്ത ഇന്ത്യ’ സെമിനാറിൽ പാകിസ്താനെയും ബംഗ്ലാദേശിനെയും മറ്റ് അയൽരാജ്യങ്ങളെയും ക്ഷണിച്ച് ഇന്ത്യ. പാകിസ്താൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, മാലിദ്വീപ്, ശ്രീലങ്ക, നേപ്പാൾ എന്നീ അയൽ രാജ്യങ്ങളെയാണ് പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രം ഒത്തുചേർന്ന് ആഘോഷിക്കാനുള്ള സർക്കാരിന്റെ ആദ്യ സംരംഭമാണിത്.
സെമിനാറിൽ പാകിസ്താൻ തങ്ങളുട പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെയും തെക്കുപടിഞ്ഞാറൻ ഏഷ്യയിലെയും പ്രതിനിധികളും അതിഥി പട്ടികയിലുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥാപിക്കുന്ന സമയത്ത് അവിഭക്ത ഇന്ത്യയുടെ ഭാഗമായ എല്ലാ രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരെ ആഘോഷത്തിന്റെ ഭാഗമാക്കാനുള്ള ശ്രമമാണിതെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിപാടി അവിസ്മരണീയമാക്കാൻ കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രായലങ്ങൾ കൈകോർത്തു. വാർഷിക വേളയിൽ 150 രൂപയുടെ പ്രത്യേക സ്മരണിക നാണയം പുറത്തിറക്കാൻ ധനമന്ത്രാലയം തീരുമാനിച്ചു. കൂടാതെ റിപ്പബ്ലിക് ദിനത്തിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രത്യേക ടാബ്ലോക്ക് ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.
1875 ൽ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന് ജനുവരി 15 ന് 150 വയസ് തികയും. 1864-ൽ കൊൽക്കത്തയെ തകർത്ത ചുഴലിക്കാറ്റിനും 1866ലും 1871ലും ഉണ്ടായ മൺസൂൺ നാശനഷ്ടങ്ങൾക്കും പിന്നാലെയാണ് കേന്ദ്രം സ്ഥാപിക്കുന്നത്. കാലക്രമേണ, ഏഷ്യയിലെ മുൻനിര കാലാവസ്ഥാ പ്രവചനകേന്ദ്രങ്ങളിലൊന്നായി ഇത് മാറി. 1947-ൽ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം, കാലാവസ്ഥാ ശാസ്ത്രം, ആശയവിനിമയം, ശാസ്ത്രീയ കണ്ടുപിടുത്തം എന്നിവയിൽ IMD കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.