കോഴിക്കോട്: കൃഷി വകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി സർക്കാർ. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. 120 ദിവസം കൂടിയാണ് സസ്‌പെൻഷൻ നീട്ടിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിനായിരുന്നു അച്ചടക്ക നടപടിയുടെ ഭാഗമായി കളക്ടർ ബ്രോയെ സസ്‌പെൻഡ് ചെയ്തത്.
എന്നാൽ ഇതിന് പിന്നാലെ സസ്‌പെൻഷന് ആധാരമായി കാണിച്ച ഡിജിറ്റൽ തെളിവുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് എൻ പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതും ചർച്ചയായിരുന്നു. തനിക്കെതിരായ നടപടിക്ക് കാരണമായ തെളിവുകളും രേഖകളും പരിശോധിക്കാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ രേഖകൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാമെന്ന് സസ്‌പെൻഷൻ ഉത്തരവിലുണ്ടെന്നും പ്രശാന്ത് ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം കുറ്റാരോപണ മെമ്മോയ്‌ക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിനുശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നുമാണ് ചീഫ് സെക്രട്ടറി ഇപ്പോൾ നൽകിയിരിക്കുന്ന മറുപടി. പ്രശാന്തിന് മറുപടി നൽകാനുള്ള സമയം 15 ദിവസം നീട്ടി നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് എന്ത് രേഖകളും പരിശോധിക്കാമെന്നും മറുപടിയിൽ പറയുന്നു.
സസ്പൻഷൻ നേരിട്ടതിന് പിന്നാലെ അസാധരണ നീക്കങ്ങളുമായും കളക്ടർ ബ്രോ വാർത്തകളിൽ നിറഞ്ഞിരുന്നു. ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചായിരുന്നു എൻ. പ്രശാന്തിന്റെ ആദ്യ തിരിച്ചടി. 7 ചോദ്യങ്ങൾക്ക് ചീഫ് സെക്രട്ടറി മറുപടി നൽകിയാൽ ചാർജ് മെമ്മോയ്‌ക്ക് മറുപടി നൽകാമെന്നായിരുന്നു പ്രശാന്തിന്റെ നിലപാട്. കൃത്രിമ രേഖയുണ്ടാക്കിയതിന് എ. ജയതിലകിനെതിരെ കേസ് എടുക്കാത്തതിൽ വക്കീൽ നോട്ടീസും ചീഫ് സെക്രട്ടറിക്കയച്ചിരുന്നു.
വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ചാർജ് മെമ്മോ നൽകയത്. പിന്നാലെ ഡിസംബർ 16 നാണ് എൻ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്.
എന്നാൽ പരാതിക്കാരൻ ഇല്ലാതെ സ്വന്തം നിലയ്‌ക്ക് സർക്കാർ എന്തിന് മെമ്മോ നൽകണമെന്ന് ആയിരുന്നു പ്രശാന്തിന്റെ മറുചോദ്യങ്ങളിൽ ഒന്ന്. സസ്‌പെൻഷനും ചാർജ് മെമ്മോയ്‌ക്കും മുൻപ് തന്റെ ഭാഗം കേൾക്കാത്തത് എന്തു കൊണ്ടാണെന്നും ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ ശേഖരിച്ചത് ഏത് സർക്കാർ ഉദ്യോഗസ്ഥന്റെ അക്കൗണ്ട് വഴിയാണെന്നും എൻ പ്രശാന്ത് ചോദിച്ചിരുന്നു. കൈമാറിയ സ്‌ക്രീൻഷോട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ട് കാണുന്നതിൽ ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നും എൻ പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു.















