ചെന്നൈ: നടൻ വിശാലിന്റെ ആരോഗ്യ സ്ഥിതിയിൽ ആരാധകർ ആശങ്കയിലാണ്. നടൻ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങി വരുന്നതും കാത്ത് ഇരിക്കുകയാണ് അവർ. വിശാലിന് അതിവേഗം സുഖമാകട്ടെ എന്ന് ആശംസകൾ സോഷ്യൽ മീഡിയയിൽ പ്രവഹിക്കുകയാണ്. ഇതിനിടെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് ഗായിക സുചിത്ര.
വിശാലിനെ ഈ നിലയിൽ കണ്ടതിൽ സന്തോഷമുണ്ടെന്ന് സുചിത്ര പ്രതികരിച്ചു. ഭർത്താവ് ഇല്ലാത്ത സമയത്ത് തന്റെ വാതിലിൽ മുട്ടിയ വ്യക്തിയാണ് വിശാലെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഗായിക പറഞ്ഞു. വർഷങ്ങൾക്ക് മുമ്പുണ്ടായ ദുരനുഭവമാണ് ഗായിക വീഡിയോയിൽ പങ്കുവെച്ചത്.
ഗായികയുടെ വാക്കുകൾ ഇങ്ങനെ- “ഭർത്താവ് കാർത്തിക് വീട്ടിൽ ഇല്ലാതിരുന്ന ഒരു ദിവസം. കതകിൽ മുട്ടുന്ന ശബ്ദം കേട്ട് ഞാൻ തുറന്നു. കാർത്തിക് കുമാർ വീട്ടിലുണ്ടോ എന്ന് ചോദിച്ച് വിശാൽ ഒരു കുപ്പി വൈനുമായി അവിടെ നിൽക്കുകയായിരുന്നു. കാർത്തിക് വീട്ടിലില്ലെന്ന് പറഞ്ഞിട്ടും അകത്തേക്ക് വരാൻ അയാൾ പരമാവധി ശ്രമം നടത്തി. പക്ഷേ ഞാൻ സമ്മതിച്ചില്ല. കുപ്പി ഗൗതം മേനോന്റെ ഓഫീസിലേക്ക് കൊണ്ടുപോകാൻ പറഞ്ഞ് ഞാൻ വാതിൽ അടച്ചു. അയാളെ ഇതുപോലെ കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്”- സുചിത്ര പറഞ്ഞു.
ഫാൻസ് വളരെ ചീപ്പാണ്, നിങ്ങൾക്കെല്ലാവർക്കും വിശാലിനോട് സഹതാപം തോന്നുന്നോ പറഞ്ഞാണ് ഗായിക വീഡിയോ ആരംഭിച്ചത്. എന്തായിലും സുചിത്രയുടെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
പുതിയ ചിത്രമായ മധ ഗജ രാജയുടെ ലോഞ്ചനിന് വിശാൽ എത്തിയത് അവശനായാണ്. വിറച്ച് വിറച്ച് നിന്ന വിശാലിനെ കസേരയിൽ ഇരുത്തിയത് സംഗീതസംവിധായകൻ വിജയ് ആൻറണിയാണ്. നടന്റെ ആരോഗ്യത്തെ പറ്റി അഭ്യൂഹങ്ങൾ പരന്നതോടെ വിശദീകരണവുമായി വിശാലിന്റെ മനേജർ എത്തി. കടുത്ത വൈറൽ പനിയാണെന്നും ആശങ്കപ്പെടാനില്ലെന്നുമായിരുന്നു മാനേജറുടെ വിശദീകരണം.















