തിരുവനന്തപുരം: പാർട്ടി അംഗങ്ങൾക്കുള്ള മദ്യപാന വിലക്ക് നീക്കി സിപിഐ. നാലാൾക്കാരുടെ മുൻപിൽ നാലുകാലിൽ നടക്കുന്നത് കാണാനിടവരരുതെന്ന് ഓർമ്മിപ്പിച്ചാണ് മദ്യപാന വിലക്ക് നീക്കിയിരിക്കുന്നത്. മദ്യപിക്കണമെങ്കിൽ വീട്ടിലിരുന്ന് ആകാമെന്നും പൊതുമദ്യത്തിൽ കുടിച്ച് പൂസായി നടക്കരുതെന്നുമാണ് കമ്യൂണിസ്റ്റുകാരോട് ബിനോയ് വിശ്വത്തിന്റെ നിർദേശം. പാർട്ടിയുടെ പ്രവർത്തനരേഖയിലെ പുതിയ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു CPI സംസ്ഥാന സെക്രട്ടറി. പുതിയ ഭേദഗതി ജില്ലാ കൗൺസിലിൽ ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
സിപിഐ അംഗങ്ങൾക്ക് മദ്യപിക്കാൻ താത്പര്യമുണ്ടെങ്കിൽ അത് വീട്ടിൽ വച്ചാകാം. മദ്യവർജനമാണ് പാർട്ടിയുടെ നയം. മദ്യ നിരോധനമല്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. പരസ്യമായി മദ്യപിച്ച് ജനങ്ങൾക്ക് മുന്നിൽ നാലുകാലിൽ വന്നുനിൽക്കാൻ പാടില്ലെന്നാണ് പാർട്ടി അംഗങ്ങളോട് പറയാനുള്ളത്. മദ്യപിക്കുന്ന ശീലമുണ്ടെങ്കിൽ അതിനെ തടയാൻ പാർട്ടി ആരുമല്ല, എന്നാൽ പൊതുസമൂഹത്തിൽ ഇടപെടുമ്പോൾ അതിൽ ഉത്തരവാദിത്വമുണ്ടാകണം. അതിനാൽ മദ്യപന്മാരായ പാർട്ടി അംഗങ്ങൾക്ക് മദ്യപാനശീലം തുടരണമെങ്കിൽ വീട്ടിൽ വച്ചായിക്കോളൂവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. പാർട്ടി അംഗങ്ങൾക്ക് മദ്യപിക്കാം, പക്ഷെ പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന പ്രവൃത്തികൾ ഉണ്ടാകരുതെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ നിലപാട്.















