ഭോപ്പാൽ: ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചത് 10 മാസം. സംഭവത്തിൽ 41-കാരൻ സഞ്ജയ് പാടിദാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 35 വയസുള്ള പ്രതിഭയാണ് കൊല്ലപ്പെട്ടത്. 2024 മാർച്ചിലായിരുന്നു കൊലപാതകം. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് നടുക്കുന്ന ക്രൂരത നടന്നത്.
വെള്ളിയാഴ്ച വൈകിട്ട് മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽപക്കമുള്ളവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. തൊട്ടുപിന്നാലെ നടത്തിയ തെരച്ചലിൽ ഉജ്ജൈനിൽ നിന്ന് പ്രതി സഞ്ജയ് പാടിദാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ലിവ്-ഇൻ ബന്ധത്തിൽ കഴിഞ്ഞിരുന്ന സമയത്ത് തങ്ങൾ വിവാഹിതരാണെന്നായിരുന്നു പ്രതി ധരിപ്പിച്ചത്. ഒരുമിച്ചുള്ള താമസം ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ ബന്ധം ഔദ്യോഗികമാക്കണമെന്ന് പ്രതിഭ ആഗ്രഹിച്ചു. വിവാഹം കഴിക്കണമെന്ന ആവശ്യം പലപ്പോഴായി ഉയർത്തി. ഇത് ഇരുവർക്കുമിടയിൽ വഴക്കിന് കാരണമായി. പ്രതിഭയെ വിവാഹം കഴിക്കാൻ താത്പര്യമില്ലാതിരുന്ന സഞ്ജയ് തന്റെ സുഹൃത്തിന്റെ സഹായത്തോടെ പ്രതിഭയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.
2024 മാർച്ചിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു. ജൂൺ മാസമായപ്പോൾ പ്രതി വീടൊഴിഞ്ഞ് പോവകയും ചെയ്തു. എന്നാൽ വീട്ടിലെ ഒരു മുറി മാത്രം (ഫ്രിഡ്ജുള്ളത്) കാലിയാക്കിയില്ല. തന്റെ ചില സാധനങ്ങൾ ഇവിടെ സൂക്ഷിക്കുകയാണെന്നും ഈ മുറി പിന്നീട് ഒഴിഞ്ഞുനൽകാമെന്നും വീട്ടുടമസ്ഥരോട് സഞ്ജയ് പറഞ്ഞു. പിന്നീട് ചിലപ്പോഴൊക്കെ ഇവിടെ സഞ്ജയ് വരികയും ചെയ്തിരുന്നു. ഇതിനിടെ മറ്റൊരു യുവാവ് വീട് വാടകയ്ക്കെടുത്ത് താമസവും തുടങ്ങി. അടഞ്ഞുകിടന്നിരുന്ന മുറിയിൽ നിന്ന് ഒടുവിൽ ദുർഗന്ധം വമിച്ചതോടെയാണ് ഫ്രിഡ്ജിൽ മൃതദേഹമുണ്ടെന്ന് കണ്ടെത്തിയത്.