കോയമ്പത്തൂർ: വാൽപാറയിലെ ജനവാസമേഖലയിൽ പുലികളിറങ്ങി. വ്യാഴാഴ്ച പുലർച്ചെ വാൽപാറ ടൗണിലെ വാഴത്തോട്ടം മേഖലയിൽ ഇറങ്ങിയ പുലികൾ വളർത്തുനായ്‌ക്കൾ, കോഴികൾ എന്നിവയെ ആക്രമിച്ചു. പട്ടികൾ നിർത്താതെ കുരയ്‌ക്കുന്നത് കേട്ട് നാട്ടുകാർ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലികൾ വിലസുന്നത് കണ്ടത്.
വാൽപാറയിലെ ജനവാസമേഖലയിൽ പുലിയെ കാണുന്നത് ഇതാദ്യമല്ല. രാത്രി പത്ത് മണി കഴിഞ്ഞാൽ വന്യമൃഗങ്ങളുടെ താവളമായി ജനവാസമേഖലകൾ മാറുന്നുവെന്നത് പ്രദേശവാസികളുടെ ഏറെ നാളായുള്ള പരാതിയാണ്.
വാൽപാറ വാഴത്തോട്ടം കോളേജ് ജംഗ്ഷനിൽ ഏതാനും ആഴ്ചകൾക്ക് മുൻപ് പുലിയിറങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്‌ത്തിയിരുന്നു. അതിന് മുൻപുള്ള ദിവസങ്ങളിൽ കോഓപ്പറേറ്റീവ് കോളനിയിൽ വീട്ടുമുറ്റത്ത് കണ്ടത് രണ്ട് പുലികളെയാണ്. ഈ സംഭവങ്ങൾ ശേഷമാണ് വാഴത്തോട്ടം മേഖലയിൽ രണ്ട് പുലികളെ കൂടി കണ്ടിരിക്കുന്നത്.