ബോബി ചെമ്മണ്ണൂരുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുന്നതിനിടെ ഹണി റോസ് നായികയായ ‘റേച്ചല്‍’ സിനിമയുടെ റിലീസ് മാറ്റിവെച്ചു. ജനുവരി 10 ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. നാല് മാസം മുമ്പ് നടന്ന സംഭവത്തിന് നടി ഇപ്പോൾ പൊലീസിനെ സമീപിച്ചത് സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്ന അഭ്യൂഹവും പരന്നിരുന്നു. ഹണി റോസ് ഇറച്ചിവെട്ടുകാരിയുടെ വേഷത്തിലാണ് സിനിമയിൽ എത്തുന്നത്. പുരുഷൻമാർക്കെതിരെ ഒറ്റയ്‌ക്ക് പോരാടുന്ന സ്ത്രീ കഥാപാത്രത്തെയാണ് ഹണി റോസ് അവതരിപ്പിക്കുന്നത്.കഥാപാത്രത്തിന്റെ ഹൈപ്പിന് പറ്റിയ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ഹണി റോസെന്നും ആരോപണമുയർന്നിരുന്നു.
ഇതിന് പിന്നാലെയാണ് റിലീസ് തീയതി മാറ്റിവച്ചതുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ വ്യക്തത വരുത്തിയത്. ഹണി റോസിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവരുടെ വ്യക്തിപരമായ കാര്യമാണെന്നും സിനിമയുടെ റിലീസിന് അതുമായി ബന്ധമില്ലെന്നും നിർമാതാവ് ബാദുഷ പറഞ്ഞു.
‘റേച്ചലിന്റെ സാങ്കേതികപരമായ ജോലികൾ ഇനിയും പൂർത്തിയാക്കേണ്ടതുണ്ട്. ചിത്രത്തിന് സെൻസർഷിപ്പ് ലഭിച്ചിട്ടില്ല. അതിനുള്ള അപേക്ഷ പോലും ഇതുവരെ സമർപ്പിച്ചിട്ടില്ല. റിലീസ് തീയതിയുടെ 15 ദിവസങ്ങൾക്ക് മുമ്പാണ് സെൻസർഷിപ്പിന് അപേക്ഷിക്കേണ്ടത്. ഹണി റോസും അവരുടെ വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളുമായി ഇതിന് യാതൊരുവിധ ബന്ധവുമില്ല. ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ അറിയിക്കും’- എൻഎം ബാദുഷ ഫേസ്ബുക്കിൽ കുറിച്ചു.
ഏറെ നാളുകൾക്ക് ശേഷം ഹണി റോസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് റേച്ചൽ. പോത്തുകൾക്കു നടുവിൽ നിൽക്കുന്ന ഹണിയുടെ ചിത്രമുള്ള പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ഏബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹ രചയിതാവുമാണ്. വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ ഒരു റിവഞ്ച് ത്രില്ലറാണ് ചിത്രമെന്നാണ് സൂചന.
കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ഹണി റോസിനെക്കൂടാതെ ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.