20 കോച്ചുള്ള വന്ദേ ഭാരത് എക്സ്പ്രസിന്റെ കന്നിയാത്രയിൽ യാത്ര ചെയ്തത് 1,440 പേർ. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കുള്ള ട്രെയിനിന്റെ യാത്രയുടെ ആദ്യദിനം തന്നെ 100 ശതമാനം ബുക്കിംഗ് ലഭിച്ചു. അധികമായി നാല് കോച്ചുകൾ കൂടി ഉൾപ്പെടുത്തിയാണ് പുത്തൻ സർവീസ് നടത്തുന്നത്. 312 സീറ്റുകളാണ് അധികം ലഭിക്കുക.
നേരത്തെ ഓടിയിരുന്ന 16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്- തിരുവനന്തപുരം വന്ദേഭാരതിന് പകരമായിട്ടാണ് 20 കോച്ചുള്ള വന്ദേഭാരത് സർവീസ് നടത്തുന്നത്. ഓറഞ്ച് നിറത്തിലുള്ള റേക്കാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. സീറ്റുകൾ കുറവെന്ന പരാതിക്കും ഇതോടെ പരിഹാരമായി. വെള്ളിയാഴ്ച രാവിലെ 5.15-നാണ് ട്രെയിൻ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. ഉച്ചയ്‌ക്ക് 1.20-ഓടെ കാസർകോടെത്തി. വരും ദിവസങ്ങളിലും ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായതായാണ് വിവരം.
മറ്റ് വന്ദേ ഭാരത് എക്സ്പ്രസുകളെ അപേക്ഷിച്ച് 15 ശതമാനത്തിലേറെ സംഭരണശേഷിയുള്ളവയാണ് 20 കോച്ചുള്ള വന്ദേഭാരത്. കാഴ്ച വൈകല്യമുള്ളവർക്കായി പ്രത്യേകം രൂപകൽപന ചെയ്ത സംവിധാനം, അത്യാധുനിക സൗകര്യങ്ങളോടും കൂടിയവയാണ് പുത്തൻ ട്രെയിൻ.