ഹണി റോസിനെ അധിക്ഷേപിക്കുന്ന തരത്തിൽ ഒരു പരാമർശങ്ങളും നടത്തിയിട്ടില്ലെന്ന് രാഹുൽ ഈശ്വർ. കേസ് സ്വയം വാദിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഹണി റോസിന്റെ പരാതിയിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പ്രതികരണം.
“ഹണി റോസിനെ അധിക്ഷേപിക്കുന്ന തരത്തിൽ എന്തെങ്കിലും പറഞ്ഞതായി തെളിഞ്ഞാൽ വിചാരണ കൂടാതെ ജയിലിൽ പോകാൻ തയാറാണ്. ഹണി റോസിനെ ഒരു വാക്കിലൂടെയോ വരിയിലൂടെയോ അധിക്ഷേപിക്കുകയോ ആഭാസം പറയുകയോ ചെയ്തിട്ടില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ എന്നെ ജയിലിൽ ഇടണമെന്ന് തന്നെയാണ് അഭിപ്രായം. ഹണി റോസ് വിമർശനത്തിന് അതീതയൊന്നുമല്ലല്ലോ. ഹണി റോസിനെ വിമർശിക്കാൻ പാടില്ലെന്ന് എവിടെയെങ്കിലും എഴുതിയിട്ടുണ്ടോയെന്നും” രാഹുൽ ഈശ്വർ പറഞ്ഞു.
ബോബി ചെമ്മണ്ണൂരിനെതിരെ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചേർത്തിക്കളഞ്ഞ്, ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാൻ മനഃപൂർവ്വം ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് പരാതി നൽകിയത്. മൗലിക അവകാശങ്ങളെ നിഷേധിച്ചുകൊണ്ട് പൊതുയിടങ്ങളിൽ തന്നെ അപമാനിച്ചുവെന്നും ഹണി റോസിന്റെ പരാതിയിൽ പറയുന്നു.















