ധാക്ക: അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റർ തമീം ഇഖ്ബാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 2023 ജൂലൈയിലും താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ബംഗ്ലാദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.
ചാമ്പ്യൻസ് ട്രോഫി സ്‌ക്വാഡിലേക്കായി ടീമിനൊപ്പം ചേരണമെന്ന് തമീം ഇഖ്ബാലിനോട് സെലക്ടർമാർ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ വിരമിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാനാണ് താൽപര്യമെന്ന് ആയിരുന്നു തമീമിന്റെ മറുപടി. ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ ഉൾപ്പെടെയുള്ളവർ തീരുമാനം പുനപ്പരിശോധിക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും തമീം ഇഖ്ബാൽ തയ്യാറായില്ല. തുടർന്നാണ് ഫേസ്ബുക്കിലൂടെ തീരുമാനം ആരാധകരെ അറിയിച്ചത്.
വളരെക്കാലമായി ആലോചിക്കുന്ന കാര്യമാണിതെന്ന് തമീം ഇഖ്ബാൽ പറഞ്ഞു. കുറച്ചുകാലമായി താൻ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് അകന്നുനിൽക്കുകയാണ്. ആ ദൂരം ഇനിയൊരിക്കലും നികത്താനാകില്ല. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ എന്റെ കരിയർ അവസാനിക്കുകയാണെന്നും തമീം കുറിച്ചു.
ഇപ്പോൾ ചാമ്പ്യൻസ് ട്രോഫി വരുന്നു. ടീമിന്റെ ശ്രദ്ധ തിരിക്കുന്ന രീതിയിൽ എന്റെ പേരിൽ ഒരു ചർച്ചയും ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ കരാറിൽ നിന്ന് സ്വയം മാറിയതാണ്. അത് തുടരാൻ ആഗ്രഹിക്കുന്നില്ല. കളിക്കളത്തിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാനുള്ള അവകാശം ഒരു ക്രിക്കറ്ററുടേത് മാത്രമാണെന്നും തമീം ഇഖ്ബാൽ പറയുന്നു.
ദേശീയ ടീമിലേക്ക് വീണ്ടും ആത്മാർത്ഥമായി വിളിച്ചതിന് ക്യാപ്റ്റനും തന്റെ പേര് പരിഗണിച്ചതിന് സെലക്ഷൻ കമ്മിറ്റിക്കും നന്ദി അറിയിക്കുന്നുവെന്നും തമീം ഇഖ്ബാൽ കൂട്ടിച്ചേർത്തു.
ജനുവരി 12 നാണ് ചാമ്പ്യൻസ് ട്രോഫിക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിക്കേണ്ടത്. അവസാന നിമിഷം വരെ തമീം ഇഖ്ബാലിനായി കാത്തിരിക്കാനാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്. 2023 ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ബിസിബിക്കെതിരെ പരസ്യ പോസ്റ്റിട്ട് തമീം ഇഖ്ബാൽ പ്രതികരിച്ചിരുന്നു. തന്നെ ഒഴിവാക്കാൻ മനപ്പൂർവ്വം ശ്രമിച്ചുവെന്ന് ആയിരുന്നു ആരോപണം.















