കൊച്ചി: കലൂർ സ്‌റ്റേഡിയത്തിൽ നടന്ന ഗിന്നസ് നൃത്ത പരിപാടി വീണ്ടും വിവാദത്തിൽ. മൃദംഗവിഷൻ പരിപാടിയിലൂടെ സ്റ്റേഡിയത്തിലെ പിച്ചിന് കേടുപാട് സംഭവിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി. സ്റ്റേഡിയത്തിലെ പിച്ച് മോശം നിലയിലായെന്നും അതിൽ ആശങ്കയുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു.
തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐഎസ്എൽ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് അധികൃതർ ആശങ്ക അറിയിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച ഗ്രൗണ്ടുകളിൽ ഒന്നാണ് കലൂർ സ്റ്റേഡിയം. അടുത്തിടെ ഇവിടെ സംഘടിപ്പിച്ച കായിക ഇതര പരിപാടിയെ തുടർന്നാണ് പിച്ചിന്റെ നില മോശമായിരിക്കുന്നതെന്നും ബ്ലാസ്റ്റേഴ്‌സ് പറയുന്നു.
കായിക മത്സരങ്ങൾക്കായി തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടിൽ കായിക ഇതര പരിപാടികൾ സംഘടിപ്പിച്ചാൽ പിച്ച് പൂർണമായും നശിക്കും. അത് അംഗീകരിക്കാനാവില്ല. ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് തടയുന്നതിനായുള്ള മുൻകരുതലുകൾ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടി.
വലിയ തുക ചിലവഴിച്ചാണ് ഗ്രൗണ്ടിൽ മത്സരയോഗ്യമായ പിച്ച് തയ്യാറാക്കുന്നതും കൃത്യമായ പരിചരണത്തിലൂടെ നിലനിർത്തുന്നതും. മോശമായാൽ പിച്ച് വീണ്ടും തയ്യാറാക്കുന്നതിനും ഏറെ തുക ആവശ്യമാണ്. അതിനാൽ ഇത്തരത്തിലുള്ള തീരുമാനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ലെന്നും ബ്ലാസ്റ്റേഴ്‌സ് പറയുന്നു. നിലവിൽ പിച്ച് പൂർണമാസജ്ജമാക്കുന്നതിനായി ബ്ലാസ്റ്റേഴ്‌സിന്റെ പിച്ച് ടീം രാപ്പകൽ അധ്വാനിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
ഗിന്നസ് റെക്കോഡിനായി 12,000 പേരെ പങ്കെടുപ്പിച്ച ഭരതനാട്യ പരിപാടിയാണ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചത്. ഉമ തോമസ് എംഎൽഎ ഉദ്ഘാടന വേദിയിൽ നിന്ന് വീണ് പരിക്കേറ്റതോടെ പരിപാടി വിവാദത്തിലായിരുന്നു. സ്റ്റേഡിയം വിട്ടുകൊടുത്ത ജിസിഡിഎയ്‌ക്ക് എതിരെയും വിമർശനവും പ്രതിഷേധവും ഉയർന്നു. കുട്ടികളിൽ നിന്ന്് സാമ്പത്തിക പിരിവ് ഉൾപ്പെടെ നടത്തിയതും സ്റ്റേഡിയത്തിൽ പരിപാടി നടത്തിയതിന്റെയും പേരിൽ സംഘാടകർക്കെതിരെ വലിയ ആരോപണം ആണ് ഉയർന്നത്.
Leave a Comment