പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളുമായി ശബരിമല. മകരവിളക്ക് ദിവസത്തിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. തിരുവാഭരണ ഘോഷയാത്രയ്‌ക്കായി വലിയകോയിക്കൽ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.
ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആഭരണങ്ങൾ ശിരസിലേറ്റി കാൽനടയായി ശബരിമലയിൽ എത്തിക്കുന്നത്. പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഒരുക്കങ്ങളെ കുറിച്ച് അവലോകനം യോഗം നടത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് വി എസ് പ്രശാന്ത് പറഞ്ഞു.
ഘോഷയാത്രയ്‌ക്ക് മുന്നോടിയായി ഉച്ചയ്‌ക്ക് 12 മണി വരെ വലിയ കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണ ദർശനമുണ്ടായിരിക്കും. തുടർന്ന് പ്രത്യേക പൂജകൾക്ക് ശേഷമായിരിക്കും ഘോഷയാത്ര പുറപ്പെടുക. പരമ്പരാഗത തിരുവാഭരണ പാതയായ കുളനട, ഉള്ളനൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിലെത്തും. ആദ്യ ദിവസം ഇവിടെ വിശ്രമിക്കും.
രണ്ടാം ദിവസം പെരുനാട് വഴി വനംവകുപ്പ് സത്രത്തിലെത്തും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്. 14-ന് ഉച്ചയ്‌ക്ക് ചെറിയാനവട്ടത്ത് എത്തും. പിന്നീട് നീലിമല കയറി അഞ്ച് മണിക്ക് ശരംകുത്തിയിൽ എത്തിച്ചേരും. ശരംകുത്തിയിൽ നിന്ന് ദേവസ്വം പ്രതിനിധികൾ ചേർന്ന് സന്നിധാനത്തേക്ക് സ്വീകരിക്കും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധന നടത്തും. ഈ സമയമാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്നത്.















