ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ക്രൗഡ്‌ഫണ്ടിംഗിലൂടെ പണം സ്വരൂപിക്കാൻ ലക്ഷ്യമിട്ട് ഡൽഹി മുഖ്യമന്ത്രി അതിഷി. 40 ലക്ഷം രൂപയാണ് ആം ആദ്മി പാർട്ടിയുടെ ലക്ഷ്യം. പണം നൽകാനുള്ള ഓൺലൈൻ ലിങ്ക് ഉൾപ്പടെ പങ്കുവച്ചിട്ടുണ്ട്.
ആം ആദ്മിയുടെ പ്രവർത്തനരീതിയെയും രാഷ്‌ട്രീയത്തെയും ജനങ്ങൾ പിന്തുണയ്‌ക്കണമെന്ന് അതിഷി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാധാരണക്കാരിൽ നിന്നുള്ള സംഭാവനകൾ കൊണ്ടാണ് എഎപി എല്ലായ്‌പ്പോഴും തെരഞ്ഞെടുപ്പിനെ നേരിട്ടത്. സത്യസന്ധതയോടെ തെരഞ്ഞെടുപ്പിനെ നേരിടാൻ സാധിക്കുന്നതിന് കാരണവും ഇതാണെന്നും അതിഷി കൂട്ടിച്ചേർത്തു.
നേരത്തെ ആംആദ്മിയുടെ മുതിർന്ന നേതാവും ജംഗ്പുരയിൽ നിന്നുള്ള സ്ഥാനാർത്ഥിയുമായ മനീഷ് സിസോദിയ തന്റെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ക്രൗഡ്ഫണ്ടിംഗ് നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഓൺലൈൻ പ്ലാറ്റ്‍ഫോം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഡൽഹി നിയമസഭയിലെ 70 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിനാകും നടക്കുക.