കൽപ്പറ്റ; പി.വി. അൻവർ എംഎൽഎയെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അൻവർ എംഎൽഎ സ്ഥാനം രാജിവെയ്‌ക്കുമെന്ന വാർത്തകളോട് പ്രതികരിക്കവേ ആയിരുന്നു പരിഹാസം. അദ്ദേഹം എവിടേക്കാ പോകുന്നതെന്ന് പറയാനാകില്ല. ഓരോ ദിവസവും ഓരോ സ്ഥലത്ത് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന് ആയിരുന്നു എം.വി. ഗോവിന്ദന്റെ വാക്കുകൾ.
ഇടതുമുന്നണിയും സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം ഡിഎംകെയിലേക്കും ഒടുവിൽ തൃണമൂൽ കോൺഗ്രസിലേക്കുമാണ് അൻവർ എത്തിയത്. ഇതിനിടെ നേരിട്ടും ലീഗുമായി ചേർന്നും യുഡിഎഫിലെത്താനും ശ്രമിച്ചിരുന്നു. ഇക്കാര്യങ്ങൾ പരോക്ഷമായി ചൂണ്ടിക്കാട്ടിയാണ് എം.വി ഗോവിന്ദന്റെ പ്രതികരണം.
വാചക കസർത്ത് കൊണ്ട് കേരള രാഷ്‌ട്രീയം കൈകാര്യം ചെയ്യാൻ സാധിക്കില്ലെന്നും അറുപിന്തിരിപ്പൻ നിലപാട് സ്വീകരിച്ചുകൊണ്ട് മുൻപോട്ട് പോകുകയല്ലാതെ അൻവറിന് വേറെ വഴിയില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഒടുവിൽ എത്തുന്നത് യുഡിഎഫിലേക്കാണ്. ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട് അൻവറിന്റെ സ്ഥാനം അവിടെയാണെന്ന്.
കേരളത്തിലെ രാഷ്‌ട്രീയം അറിയുന്ന എല്ലാവർക്കും അറിയാം, രണ്ടേ രണ്ട് ഭാഗം മാത്രമേയുള്ളൂ. ഒന്നുകിൽ എൽഡിഎഫ്, അല്ലെങ്കിൽ യിഡിഎഫ്. അതിന് ഇടയിൽ നിന്നുപോകാൻ സാധിക്കുന്ന ഒരു സ്ഥിതിയും കേരളത്തിലില്ലെന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ പി.വി. അൻവർ സന്ദർശിച്ചത്. അൻവർ പാർട്ടിയിൽ ചേർന്നതായി സ്ഥിരീകരിച്ച് തൃണമൂൽ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റും ഇട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ന് രാവിലെ സ്പീക്കറെ കാണുമെന്നും നിർണായക തീരുമാനമുണ്ടാകുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു. എംഎൽഎ സ്ഥാനം രാജിവെച്ചേക്കുമെന്നാണ് ലഭിക്കുന്ന സൂചന.















