കലൂർ: സ്റ്റേഡിയം കായികേതര പരിപാടിക്ക് വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻ പിള്ളയ്‌ക്കെതിരെ സിപിഎമ്മിൽ കരുനീക്കങ്ങൾ ശക്തം. ജനുവരി 20 ന് ചെയർമാൻ കാലാവധി പൂർത്തിയാക്കുന്ന ചന്ദ്രൻപിള്ളയ്‌ക്ക് ഇനി കാലാവധി നീട്ടി നൽകാതിരിക്കാനാണ് പാർട്ടിക്കുള്ളിൽ ചരടുവലി ശക്തമായത്.
സിഐടിയു നേതാവ് കൂടിയായിരുന്ന കെ. ചന്ദ്രൻ പിള്ളയ്‌ക്കെതിരെ കലൂർ സ്റ്റേഡിയത്തിലെ അപകടവുമായി ബന്ധപ്പെട്ട് ജിസിഡിഎയിലെ സിഐടിയു യൂണിയൻ രംഗത്ത് വന്നിരുന്നു. പാർട്ടി സംസ്ഥാന നേതൃത്വം നിശ്ചയിക്കുന്നയാൾ ചെയർമാനായി എത്തുന്നതാണ് സിപിഎം സംസ്ഥാന ഭരണത്തിലുള്ളപ്പോൾ ജിസിഡിഎ യിലെ കീഴ്‌വഴക്കം. 2022 ജനുവരി 20 നാണ് 3 വർഷത്തെ കാലാവധിയിൽ കെ. ചന്ദ്രൻ പിള്ളയെ ചെയർമാനായി നിശ്ചയിച്ചത്.
ജിസിഡിഎ യുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചായിരുന്നു നേരത്തെ ആക്ഷേപങ്ങൾ ഉന്നയിക്കപ്പെട്ടതെങ്കിൽ കലൂർ സ്റ്റേഡിയം ഗിന്നസ് റെക്കോഡ് പ്രകടനത്തിനായി വിട്ടുകൊടുത്ത സംഭവത്തിൽ ജിസിഡിഎ ഭരണ നേതൃത്വത്തിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. വീഴ്ച സംഭവിച്ചതായി ചന്ദ്രൻപിള്ളയും തുറന്നു സമ്മതിച്ചിരുന്നു. ഇത്തരം പൊതുസംരംഭങ്ങളിൽ നിന്ന് പണം പിടുങ്ങുക മാത്രമാണ് പാർട്ടിയുടെ ലക്ഷ്യമെന്നും മറ്റ് കാര്യങ്ങളിലൊന്നും ഒരു പുരോഗതിയും ഇല്ലെന്നുമുള്ള വിമർശനം പൊതുവിലും ഉയർന്നിരുന്നു.
നൃത്തപരിപാടിക്ക് സ്റ്റേഡിയം അനുവദിച്ചത് ഇവിടുത്തെ പിച്ചിനെ ഉൾപ്പെടെ നശിപ്പിച്ചുവെന്ന് കാട്ടി കേരള ബ്ലാസ്റ്റേഴ്‌സും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്വന്തം പാർട്ടിയിൽപെട്ട കൊച്ചി മേയർ അഡ്വ എം. അനിൽ കുമാരടക്കം കെ ചന്ദ്രൻ പിള്ളയെ തള്ളിപ്പറഞ്ഞിരുന്നു. കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ സംഘാടകരായ മൃദംഗ വിഷന് ഗുരുതര പിഴവുണ്ടായതായായിരുന്നു ജിസിഡിഎ എക്‌സിക്യൂട്ടീവ് യോഗത്തിന്റെ കണ്ടെത്തൽ.
ഉദ്യോഗസ്ഥരുടെ എതിരഭിപ്രായങ്ങളെ മറികടന്ന് സ്റ്റേഡിയം വിട്ടു നൽകാനുള്ള തീരുമാനമാണ് ചെയർമാൻ കെ. ചന്ദ്രൻ പിള്ളയ്‌ക്ക് കുരുക്കായത്. ജിസിഡിഎ ചെയർമാൻ സ്ഥാനത്തിന് കണ്ണുവച്ച നേതാക്കൾ ഏറെയുണ്ടെങ്കിലും സിപിഎം സംസ്ഥാന നേതൃത്വത്തിന് താൽപര്യമുള്ളവരെയാണ് നിയോഗിക്കുക.
12,000 പേരെ പങ്കെടുപ്പിച്ച് ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്കാണ് സ്റ്റേഡിയം വിട്ടു നൽകിയത്. എന്നാൽ പരിപാടിയുടെ ഉദ്ഘാടനത്തിനിടെ ഉമ തോമസ് എംഎൽഎ വേദിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റതോടെയാണ് സംഭവം വിവാദമായത്. മതിയായ അനുമതികൾ ഒന്നുമില്ലാതെയാണ് മൃദംഗവിഷൻ എന്ന സംഘം പരിപാടി സംഘടിപ്പിച്ചതെന്ന് വ്യക്തമായിരുന്നു.