തിരുവനന്തപുരം; പി.വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ 9.35 ഓടെ നിയമസഭയിലെത്തി സ്പീക്കർ എ.എൻ ഷംസീറിനെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. സ്പീക്കറുമായി രാവിലെ കൂടിക്കാഴ്ച നടത്തുമെന്നും ചില നിർണായക തീരുമാനങ്ങളെടുക്കുമെന്നും അൻവർ ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
രാവിലെ ഒൻപത് മണിയോടെ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തുമെന്ന് ആയിരുന്നു അൻവർ അറിയിച്ചത്. ഇതിന് പിന്നാലെ വാർത്താസമ്മേളനവും വിളിച്ചിരുന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങിയ പി.വി അൻവർ നിയമസഭയിലേക്കുള്ള യാത്രയിൽ വാഹനത്തിൽ നിന്നും എംഎൽഎ ബോർഡ് ഒഴിവാക്കിയിരുന്നു. മാദ്ധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും സ്പീക്കറെ കണ്ട ശേഷം വിശദമായി പറയാമെന്ന് ആയിരുന്നു അൻവറിന്റെ മറുപടി.
കഴിഞ്ഞ ദിവസം അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജി. അയോഗ്യതാ സാദ്ധ്യത മറികടക്കാനുള്ള വഴിയായിട്ടാണ് എംഎൽഎ സ്ഥാനം രാജിവെച്ചത്. ഉപതെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസ് ഉൾപ്പെടുന്ന ഇൻഡി സഖ്യത്തിന്റെ ഭാഗമാണ് തൃണമൂൽ. അതുകൊണ്ടു തന്നെ ഉപതെരഞ്ഞെടുപ്പിൽ ഏത് ചിഹ്നത്തിൽ, എങ്ങനെ അൻവർ മത്സരിക്കുമെന്ന കാര്യമാണ് രാഷ്‌ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
സിപിഎമ്മും ഇടതുമുന്നണിയുമായി തെറ്റിപ്പിരിഞ്ഞതോടെയാണ് അൻവറിന്റെ രാഷ്‌ട്രീയ അനിശ്ചിതത്വം ആരംഭിച്ചത്. കോൺഗ്രസിലേക്ക് തിരിച്ചുപോകാനും യുഡിഎഫിലേക്ക് കയറാനും ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഡിഎംകെയിലേക്ക് മാറാൻ ശ്രമം നടത്തി. എന്നാൽ കേരളത്തിലെ സിപിഎമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ഏറെ അടുപ്പം പുലർത്തുന്ന മുഖ്യമന്ത്രി എം.കെ സ്റ്റാലിനിൽ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് ഒടുവിൽ തൃണമൂൽ കോൺഗ്രസിലേക്ക് എത്തിയത്.
കഴിഞ്ഞ ദിവസം കുരുളായിയിൽ വനവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിൽ അക്രമം നടത്തിയതിന് പി.വി അൻവർ അറസ്റ്റിലായിരുന്നു. 18 മണിക്കൂർ അൻവറിനെ റിമാൻഡ് ചെയ്ത് ജയിലിലുമാക്കിയിരുന്നു. പുറത്തിറങ്ങിയ ശേഷം ലീഗിന്റെ പിന്തുണയോടെ വീണ്ടും യുഡിഎഫിലേക്ക് എത്താൻ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി തൃണമൂൽ കോൺഗ്രസിലേക്ക് അൻവറിന്റെ ചുവടുമാറ്റം സംഭവിച്ചത്.















