ശ്രീനഗർ: ശ്രീനഗറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന ഇസഡ്- മോർ ടണൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി, ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവരും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകും.
ഗഗൻഗീറിനും മദ്ധ്യ കശ്മീരിലെ സോനാമാർഗിനും ഇടയിൽ നിർമിച്ച തുരങ്കത്തിന് 12 കിലോമീറ്ററാണ് ദൈർഘ്യം. സമുദ്രനിരപ്പിൽ നിന്ന് 8,650 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുരങ്ക റോഡിന്റെ നിർമാണത്തിനായി 2,680 കോടി രൂപയാണ് കേന്ദ്രസർക്കാർ വിനിയോഗിച്ചത്. പ്രധാന തുരങ്കത്തിന് 10.8 മീറ്റർ വീതിയുണ്ട്. അതിൽ 7.5 മീറ്റർ വീതിയുള്ള കുതിരലാട ആകൃതിയിലുള്ള എസ്‌കേപ്പ് ടണൽ ആണ് പ്രത്യേകത. 8.3 മീറ്റർ വീതിയുള്ള ഡി ആകൃതിയിലുള്ള വെന്റിലേഷൻ ടണലും ഇതിൽ ഉൾപ്പെടുന്നു. ഈ പ്രദേശത്തേക്കുള്ള Z- ആകൃതിയിലുള്ള റോഡിന്റെ പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്. Z-Morh എന്നാൽ ഇംഗ്ലീഷിൽ ‘Z-turn’ എന്നാണർത്ഥം. 2020 ജൂലൈയിൽ പദ്ധതി ആരംഭിച്ചത്.
ഹിമപാതം കാരണം ശൈത്യകാലത്ത് ഒറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണ് സോനാമാർഗ്. പ്രതികൂല കാലാവസ്ഥയിലും സോനാമാർഗിലേക്ക് ഗതാഗതമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചൈനയുടേയും പാകിസ്താന്റെയും ഭീഷണി നേരിടുന്ന തന്ത്രപരമായി പ്രാധാന്യമുള്ള ലഡാക്കിൽ എല്ലാ കാലാവസ്ഥയിലും ഇന്ത്യൻ സൈന്യത്തിന് കണക്റ്റിവിറ്റി നിലനിർത്താനുള്ള നിർണായക പദ്ധതിയാണിത്. ചൈനയുടെ ഭാഗത്ത് നിന്നും അപ്രതീക്ഷിത നീക്കമുണ്ടായാൽ സൈന്യത്തിന് ഇസഡ്-മോർ ടണൽ വഴി വളരെ വേഗത്തിൽ എത്താനാകും. അതിനാൽ ദേശീയ സുരക്ഷയ്‌ക്ക് അത്യന്താപേക്ഷിതമാണ് ഈ തുരങ്കം.
Views of the tunnel entrance & Sonmarg from the air. pic.twitter.com/yLOvW87JCW
— Omar Abdullah (@OmarAbdullah) January 11, 2025
സോജില ടണൽ എന്ന ബൃഹത് പദ്ധതിയുടെ ഭാഗമാണ് ഇസഡ് തുരങ്കം. 2028-ഓടെ സോജില ടണൽ ഗതാഗത യോഗ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സോജില ടണൽ പ്രവർത്തന ക്ഷമമായാൽ ശ്രീനഗറും ലേയും തമ്മിലുള്ള ദൂരം 49 കിലോമീറ്ററിൽ നിന്ന് 43 കിലോമീറ്ററായി കുറയും. കൂടാതെ യാത്രാ വേഗത മണിക്കൂറിൽ 30 കിലോമീറ്ററിൽ നിന്ന് 70 കിലോമീറ്ററായി വർദ്ധിക്കും.















