തിരുവനന്തപുരം: നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിന് സാധ്യത ഉള്ളതിനാലാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതെന്ന് രാഹുൽ ഈശ്വർ. ഭരണഘടന ഉയർത്തുന്ന സഭ്യത എന്ന ആശയത്തെയാണ് താൻ മുന്നോട്ടുവയ്‌ക്കുന്നത്. രാഹുൽ ഈശ്വർ മാത്രമാണോ ഹണി റോസിനെ വിമർശിച്ചതെന്നും കേസ് വന്നാലും പിന്നോട്ടില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
സമൂഹത്തിൽ വ്യാപകമായ വിമർശനം ഏറ്റവും സഭ്യമായ രീതിയിൽ താൻ മുൻപോട്ടു വെച്ചതാണെന്നും രാഹുൽ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുരുഷൻമാരുടെ ആത്മാഭിമാനത്തിന് ആര് സമാധാനം പറയും. പുരുഷൻമാർക്കും കുടുംബങ്ങൾക്കും ഉള്ള നിലപാടാണ് താൻ പറഞ്ഞത്. ഹണി റോസിനെതിരെ വിമർശനം ഉന്നയിക്കാൻ പാടില്ല എന്നാണോ. ജയിലിൽ പോകാനും മടിയിയില്ല. സത്യം സഭ്യതയോടെ പറയുമെന്നും രാഹുൽ പറഞ്ഞു.
ഹണി റോസിന്റെ കുടുംബത്തിന്റെ വിഷമത്തിൽ പങ്കുചേരുന്നു. മുഖ്യമന്ത്രിയും മുഖ്യധാരാ മാദ്ധ്യമങ്ങളും പൊലീസും എല്ലാം സംരക്ഷണ കവചമൊരുക്കുന്ന ഹണി റോസ് അബലയല്ല, പ്രിവിലേജ്ഡ് ആണ്. അവർ വളരെ ശക്തയാണെന്ന കാര്യം മറക്കരുതെന്നും രാഹുൽ പറഞ്ഞു. ബോച്ചെയുടെ നൻമ കൊണ്ട് അദ്ദേഹത്തിന്റെ ദ്വയാർത്ഥ പ്രയോഗത്തെ ന്യായീകരിക്കില്ല. എന്നാൽ അതേപോലെ ബോച്ചെ ഇതുവരെ നാട്ടിലെ ജനങ്ങൾക്ക് ചെയ്ത സേവനങ്ങളെ ആ ദ്വയാർത്ഥ പ്രയോഗത്തിന്റെ പേരിൽ മറക്കരുതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പുരുഷവിരോധം കൊണ്ടുനടക്കുന്ന ഫെമിനിസ്റ്റുകൾ ഇതൊക്കെ പുരോഗമനം എന്ന് പറയുന്നു. ബേചെയെ മാലയിടാൻ കാത്തിരിക്കുന്നവർ ഫെമിനിസ്റ്റുകളെ പ്രകോപിക്കുന്നതാണെന്നും രാഹുൽ പറഞ്ഞു. നിവിൻ പോളിക്കെതിരെ വ്യാജ പരാതി കൊടുത്ത യുവതിക്കെതിരെ കേസെടുത്തോയെന്നും രാഹുൽ ചോദിച്ചു. തന്റെ മൗലിക അവകാശങ്ങളിലേക്ക് കടന്നുകയറി അപമാനിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും ആക്രമിക്കുമെന്നും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയെന്നും ആഹ്വാനം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് പരാതി നൽകിയത്.
ബോച്ചെയ്‌ക്കെതിരെ താൻ നൽകിയ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനും സൈബറിടത്തിൽ സംഘടിത കുറ്റകൃത്യം ആസൂത്രണം ചെയ്യാനുമാണ് രാഹുൽ ശ്രമിക്കുന്നതെന്നും ഹണി റോസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.