ബെംഗളൂരു: മകരസംക്രാന്തി അടുത്തിരിക്കെ പശുക്കളോട് ക്രൂരത കാണിച്ച സംഭവം വൻ വിവാദമായതിന് പിന്നാലെ ബിജെപി ഉയർത്തിയ പ്രതിഷേധത്തെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. 30-കാരനായ ഷെയ്ഖ് നാസിറാണ് അറസ്റ്റിലായത്. ചാമരാജപേട്ടിലെ പെൻഷൻ മൊഹല്ലയിൽ മൂന്ന് പശുക്കളുടെ അകിട് ചെത്തിക്കളയുകയും അവയുടെ കാലുകളിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് നടപടി. ഞായറാഴ്ച പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.
കന്നുകാലികളെ വളർത്തിയിരുന്ന ഫാമിന് 50 മീറ്റർ മാറി സ്ഥിതിചെയ്യുന്ന പ്ലാസ്റ്റിക്-തുണി ബാഗ് സ്റ്റിച്ചിംഗ് ഷോപ്പിലാണ് പ്രതി ജോലി ചെയ്തിരുന്നത്. പ്രതി ഒറ്റയ്‌ക്കാണ് കുറ്റകൃത്യം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ബിഹാറിലെ ചംപാരൻ സ്വദേശിയാണ് പ്രതിയെന്ന് ഡെപ്യൂട്ടി കമ്മീഷണർ എസ്. ഗിരീഷ് അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
ആക്രമിക്കപ്പെട്ട പശുക്കൾ നിലവിൽ വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. മേഖലയിലെ ഹിന്ദു സംഘടനകളുടെയും പ്രതിപക്ഷമായ ബിജെപിയുടെയും കനത്ത പ്രതിഷേധത്തെ തുടർന്നാണ് പ്രതിയെ പിടികൂടാൻ പൊലീസ് നിർബന്ധിതരായത്. സംഭവം വിവാദമായതോടെ സമ്മർദ്ദത്തിലായ സർക്കാർ അടിയന്തര നടപടി സ്വീകരിക്കാൻ ഉത്തരവിടുകയായിരുന്നു.















