തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി തത്കാലം പൊളിക്കില്ല. സബ്കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കല്ലറ തുറക്കാൻ ശ്രമിച്ചെങ്കിലും കുടുംബാംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. കല്ലറ തത്കാലം തുറക്കില്ലെന്നും കുടുംബവുമായി സംസാരിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സബ് കളക്ടർ ആൽഫ്രഡ് പ്രതികരിച്ചു.
തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് സമാധി സ്ഥലത്തെത്തിയ സംഘം കല്ലറ പൊളിച്ച് പരിശോധന നടത്താനായിരുന്നു തീരുമാനിച്ചത്. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു നടപടികളാരംഭിച്ചത്. എന്നാൽ മരിച്ച ഗോപൻ സ്വാമിയുടെ (69) ഭാര്യയും മക്കളും വൻ പ്രതിഷേധവുമായി കല്ലറയ്‌ക്ക് മുൻപിൽ ഇരുന്നതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. വീട്ടുകാരുടെ നിലവിളിയും ബഹളവും ഉയർന്നതിന് പിന്നാലെ നാട്ടുകാരിൽ ചിലർ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തി. ഇതോടെ ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയേറി. ഈ സാഹചര്യത്തിലാണ് കല്ലറ തത്കാലം തുറക്കേണ്ടതില്ലെന്ന തീരുമാനത്തിൽ അധികൃതരെത്തിയത്. കുടുംബത്തിന്റെ ഭാഗം കേട്ടതിന് ശേഷമായിരിക്കും ഇനിയുള്ള നടപടികളെന്നാണ് വിവരം. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.
ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാനാണ് ചർച്ച നടത്തുന്നത്. ഗോപൻ സ്വാമിയുടെ മക്കളും അഭിഭാഷകനും പൊലീസുമായി ചർച്ച നടത്തുകയാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സമവായ ചർച്ച.
നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമി കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചതെന്നാണ് വിവരം. അച്ഛൻ സമാധിയായെന്ന് മകൻ പറയുന്നു. പിതാവിന്റെ ആഗ്രഹപ്രകാരം സമാധി ഇരുത്തിയെന്നും തുടർന്ന് ഇവിടം കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് അടച്ചുവെന്നുമാണ് മകൻ രാജസേനന്റെ മൊഴി. സമാധിയിലാകുന്നത് മറ്റാരും കാണരുതെന്ന നിർബന്ധം പിതാവിനുണ്ടായിരുന്നുവെന്നാണ് മകൻ പറയുന്നത്. എന്നാൽ സമാധിയിൽ ദുരൂഹതകൾ നിലനിൽക്കുന്നതിനാൽ തുറന്നുപരിശോധിക്കണമെന്ന് ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.