ന്യൂഡൽഹി: ബംഗ്ലാദേശ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ. ഡെപ്യൂട്ടി ഹൈക്കമ്മീഷണർ നുറൽ ഇസ്ലാമിനെയാണ് വിദേശകാര്യമന്ത്രാലയം വിളിച്ചു വരുത്തിയത്. ഇന്നലെ ധാക്കയിൽ ഇന്ത്യൻ ഹൈക്കമീഷണർ പ്രണോയ് വർമയെ ബംഗ്ലാദേശ് സർക്കാർ വിളിച്ചു വരുത്തിയിരുന്നു. ഇതിന് പിറകെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി.
പശ്ചിമ ബംഗാളിലെ മാൾഡ അതിർത്തിയിൽ ബംഗ്ലാദേശിൽ നിന്നുള്ള മയക്കുമരുന്ന് സംഘത്തിന് നേരെ ബിഎസ്‌ഫ് വെടിയുതിർത്ത സംഭവമാണ് നടപടികൾക്കാധാരം. കുറ്റകൃത്യരഹിത അതിർത്തി ഉറപ്പാക്കുന്നതിന് ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും കുറ്റവാളികളുടെ നീക്കം, കള്ളക്കടത്ത് എന്നീ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും സുരക്ഷയ്‌ക്കുമായി അതിർത്തിയിൽ വേലികെട്ടുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താനാണ് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറിയെ കണ്ടതെന്നും ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണോയ് വർമ പ്രതികരിച്ചിരുന്നു.
ഇന്ത്യ-ബംഗ്ലാ അതിർത്തിയിലെ അഞ്ചിടങ്ങളിലായി ഇന്ത്യ വേലികെട്ടുന്നത് ഉഭയകക്ഷി കരാറുകൾക്ക് വിരുദ്ധമാണെന്നും മേഖലയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുമെന്ന ധാക്കയുടെ ആരോപണത്തിന് പിന്നാലെയായിരുന്നു പ്രതികരണം.















