ശ്രീനഗർ: ഭാരതം ഇന്ന് പുരോഗതിയുടെ പുതിയ ഉയരങ്ങൾ കൈവരിച്ച് മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2047-ഓടെ ഭാരതം വികസിത രാജ്യമാകുമെന്നും രാജ്യത്തിന്റെ വികസനത്തിൽ യുവാക്കൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കശ്മീരിലെ സോനാമാർഗിൽ പുതുതായി നിർമിച്ച ഇസഡ്- മോർഹ് തുരങ്കപാത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“ഭാരതം പുരോഗതിയിലേക്ക് കുതിക്കുകയാണ്. ഭാരതം വികസിതമാകുന്നതിൽ രാജ്യത്തെ ഓരോ പൗരന്മാരും സുപ്രധാന പങ്കുവഹിക്കുന്നു. രാജ്യത്തിന്റെ വികസനത്തിനായി കേന്ദ്ര സർക്കാർ രാവും പകലും അക്ഷീണം പ്രയത്നിക്കുകയാണ്. രാജ്യത്തെ മൂന്ന് കോടിയിലധികം പാവപ്പെട്ടവർക്ക് കേന്ദ്രസർക്കാർ വീടുകൾ നിർമിച്ചുനൽകും.
കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങളെല്ലാം ഞങ്ങൾ നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ജമ്മുകശ്മീരിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിച്ചു. പുതുതായി ആരംഭിച്ച മെഡിക്കൽ കോളേജുകൾ, നഴ്‌സിംഗ് കോളേജുകൾ, പോളിടെക്‌നിക്കൽ കോളേജുകൾ എന്നിവ യുവാക്കളുടെ ഭാവി മെച്ചപ്പെടുത്തും”.
ജമ്മു-കശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെ എത്രയധികം റോഡുകളും തുരങ്കങ്ങളും പാലങ്ങളുമാണ് കേന്ദ്ര സർക്കാർ നിർമിച്ചുനൽകിയത്. കശ്മീർ ഇന്ന് മാറിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമാണ് ഇവിടെ നിർമിക്കുന്നത്. ഏറ്റവും വലിയ റെയിൽപാതകളും ഇന്ത്യയിലാണുള്ളത്. നമ്മുടെ ചിനാബ് പാലത്തിന്റെ സവിശേഷതകൾ കണ്ട് ലോകം മുഴുവൻ അത്ഭുതുപ്പെടുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.















