മലപ്പുറം: ജില്ലയിലെ തീരദേശ മേഖലയിൽ നിന്നും 15 കിലോ കൃത്രിമ കളർ ചേർത്ത ചായപ്പൊടി പിടികൂടി. ചായക്കടകളിലേക്ക് വിതരണം ചെയ്യാനായി കൊണ്ടുപോകവെയാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ചായപ്പൊടി പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന പട്ടാമ്പി സ്വദേശി അഷ്റഫലി (55) ക്കെതിരേ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ നടന്ന ബി.പി. അങ്ങാടി നേർച്ച സ്ഥലത്തെചായക്കടകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ മായം കണ്ടെത്തിയിരുന്നു. പിന്നാലെയാണ് പട്ടാമ്പിയിൽ നിന്ന് എത്തുന്ന വ്യാജ ചായപ്പൊടിയെ കുറിച്ച് സൂചന ലഭിച്ചത്. തിരൂർ, താനൂർ മേഖലകളിൽ പ്രത്യേക ദിവസമാണ് മായം കലർന്ന ചായപ്പൊടി വിൽക്കുന്ന സംഘം എത്തുന്നതെന്നും വിവരം ലഭിച്ചു.
പിടിച്ചെടുത്ത ചായപ്പൊടിയുടെ സാമ്പിൾ വിദഗ്ധ പരിശോധനയ്‌ക്കായി കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലബോറട്ടറിയിലേക്കയച്ചു. അന്തിമഫലം വന്നാൽ നിയമ നടപടി സ്വീകരിക്കും
ആകർഷകമായ നിറം ലഭിക്കുന്നതിന് ചോക്ലേറ്റ് ബ്രൗൺ, സൺസെറ്റ് യെലോ, കാരമൈൻ തുടങ്ങിയവയാണ് ചായപ്പൊടിയിൽ പ്രധാനമായും ചേർക്കുന്നത്. ഇത്തരം ചായ പതിവായി ഉപയോഗിക്കുന്നവർക്ക് അർബുദം, ജനിതകമായ തകരാർ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് രാജ്യത്ത് വിവിധ ഭക്ഷ്യവസ്തുക്കളിൽ കളർ ഉപയോഗിക്കുന്നത്. പക്ഷെ ചായപ്പൊടി ഈ വിഭാഗത്തിൽപ്പെടുന്നില്ല.
മായം തിരിച്ചറിയാൻ
ചായപ്പൊടിയിൽ കൃത്രിമം കണ്ടെത്താൻ ലിറ്റ്മസ് പേപ്പറിൽ ഒരു സ്പൂൺ ചായപ്പൊടിയിട്ട് അതിനു മുകളിൽ ഒന്നോ രണ്ടോ തുള്ളി വെള്ളം ഇറ്റിക്കുക, അൽപ സമയത്തിനു ശേഷം കഴുകിക്കളയുക. നിറം കലർത്തിയതാണെങ്കിൽ മഞ്ഞ നിറത്തിലോ ബ്രൗൺ നിറത്തിലോ കടുത്ത കറ ലിറ്റ്മസ് പേപ്പറിൽ കാണാം. ഗുണമേൻമയുള്ള ചായപ്പൊടിയാണെങ്കിൽ നേരിയ നിറം മാത്രമായിരിക്കും ഉണ്ടാവുക.