കാലടി: നെടുമ്പാശ്ശേരി ആവണംകോട് സരസ്വതീ ക്ഷേത്രത്തില്‍ വസന്തപഞ്ചമിയോടനുബന്ധിച്ച് ഫെബ്രുവരി 2ന് സരസ്വതി പൂജയും വിദ്യാരംഭവും നടക്കും. ശകവര്‍ഷത്തിലെ മാഘമാസത്തിലെ വെളുത്ത പക്ഷത്തിലെ അഞ്ചാം നാള്‍ പഞ്ചമിയാണ് വസന്ത പഞ്ചമിയായി ആഘോഷിക്കുന്നത്. സരസ്വതി ദേവിയുടെ പിറന്നാളായാണ് ഈ ദിവസം അറിയപ്പെടുന്നത്.
വിദ്യാര്‍ത്ഥികളും കലാകാരന്മാരും ഉദ്യോഗാര്‍ത്ഥികളും ക്ഷേത്രദര്‍ശനം നടത്തി സരസ്വതീ പൂജ നടത്തുന്നതിലൂടെ ബുദ്ധിയും സര്‍വ്വൈശ്വര്യങ്ങളും നല്‍കി ദേവി അനുഗ്രഹിക്കും എന്നാണ് വിശ്വാസം. ജഗദ്ഗുരു ശ്രീ ശങ്കരാചാര്യര്‍ വിദ്യാരംഭം കുറിച്ച പുണ്യ പുരാതനമായ ക്ഷേത്രമാണ് നെടുമ്പാശ്ശേരി ആവണംകോട് സരസ്വതി ക്ഷേത്രം.
സരസ്വതി ദേവിക്ക് ‘നാവ് – മണി – നാരായം’ സമർപ്പിച്ചാൽ കുട്ടികൾ നന്നായി സംസാരിക്കുകയും നന്നായി പഠിക്കുകയും നല്ല കൈയക്ഷരം നേടുകയും ചെയ്യുമെന്ന് ഒരു വിശ്വാസമുണ്ട്. ഇവിടെ നിവേദിക്കുന്ന നെയ്യ് കഴിച്ചാൽ കുട്ടികൾക്ക് പഠനത്തിൽ താൽപര്യം കൂടുമെന്നും പരീക്ഷയിൽ ഉന്നത വിജയം നേടാനാകുമെന്നും വിശ്വാസമുണ്ട്.
നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളം പ്രവർത്തനക്ഷമമായതുമുതൽ വിദേശത്തേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് പ്രാർത്ഥിക്കാൻ ധാരാളം ആളുകൾ ഇവിടെയെത്തുന്നു.വിദേശത്തേക്ക് പോകുന്നവർ പാസ്പോർട്ട് കൊണ്ടുവന്നു ക്ഷേത്രത്തിൽ പൂജ നടത്തുന്നത് സ്ഥിരം കാഴ്ചയാണ്.