രജനികാന്ത് കേന്ദ്ര കഥാപാത്രമായെത്തി, തിയേറ്ററുകളിൽ ആവേശമായി മാറിയ സിനിമ ജയിലറിന്റെ രണ്ടാം ഭാഗം വരുന്നു. പൊങ്കൽ ദിനമായി നാളെ ജയിലർ-2 ന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. സിനിമയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ കുറച്ചുനാളുകളായി പുറത്തുവന്നിരുന്നു. ഇതിനിടെ സിനിമയുടെ നിർമാതാക്കളായ സൺപിച്ചേഴ്സ് പങ്കുവച്ച പോസ്റ്റാണ് ചർച്ചയാകുന്നത്.
പൊങ്കൽ ദിവസമായ നാളെ വരാനിരിക്കുന്ന രണ്ട് പ്രോജക്ടുകളുടെ അനൗൺസ്മെന്റ് ടീസർ വരുമെന്നാണ് പോസ്റ്റിൽ പറയുന്നത്. ഇതോടെ ജയിലർ 2 ആയിരിക്കും എന്ന് സ്ഥിരീകരിക്കുകയാണ് ആരാധകർ. നാല് മിനിറ്റും മൂന്ന് സെക്കൻഡും ദൈർഘ്യമുള്ള അനൗൺസ്മെന്റ് ടീസറിന്റെ വർക്കുകൾ പൂർത്തിയായതായി സൺ പിക്ചേഴ്സ് അറിയിച്ചു.
രണ്ട് ടീസറുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത സിനിമയാണ് ജയിലർ. വിനായകൻ, രമ്യ കൃഷ്ണൻ, വസന്ത്, സുനിൽ, തമന്ന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
മോഹൻലാൽ, ശിവരാജ് കുമാർ എന്നിവരും ജയിലറിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനായിരുന്നു ചിത്രത്തിന്റെ നിർമാണം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന സിനിമയിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിംഗ് പൂർത്തിയായാൽ ഉടൻ ജയിലർ 2-ൽ ജോയിൻ ചെയ്യുമെന്നാണ് വിവരം.