ന്യൂഡൽഹി: മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള നിർദേശത്തിന് അംഗീകാരം നൽകി കേന്ദ്രം. ഇത് സംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്‌ച പുറത്തിറക്കി. കേന്ദ്ര നിയമ സഹമന്ത്രി അർജുൻ റാം മേഘ്‌വാൾ എക്‌സിൽ പങ്കുവച്ച പ്രസ്താവനയിൽ ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ പുതിയ നിയമനം സ്ഥിരീകരിച്ചു.
“ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച്, സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച ശേഷം, പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശ്രീ ജസ്റ്റിസ് കൃഷ്ണൻ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാൻ രാഷ്‌ട്രപതി അനുമതി നൽകി,” കേന്ദ്രമന്ത്രി കുറിച്ചു.
ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയായി ഉയർത്താൻ ജനുവരി ഏഴിന് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു. 2011 നവംബർ 8 ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, 2023 മാർച്ച് 29-ന് പട്നയിലെ ജുഡീഷ്യൽ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഉയർത്തപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സീനിയോറിറ്റിയും കേരള ഹൈക്കോടതിക്ക് നിലവിൽ സുപ്രീം കോടതിയിൽ പ്രാതിനിധ്യം ഇല്ലെന്ന വസ്തുതയും പരിഗണിച്ചായിരുന്നു വിനോദ് ചന്ദ്രന്റെ പേര് കൊളീജിയം ശുപാർശ ചെയ്തത്. എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ്.