കോട്ടയം: ഇ.പി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ ദേശാഭിമാനി ലേഖകന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. കോട്ടയം ഈസ്റ്റ് പൊലീസാണ് രഘുനാഥിന്റെ മൊഴിയെടുത്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുപ്പ്.
ജയരാജന്റെ ആത്മകഥ പകർത്തിയെഴുതിയത് രഘുനാഥ് ആയിരുന്നു. ആത്മകഥ ചോർന്നുവെന്ന് ആയിരുന്നു ഇ.പി ജയരാജൻ അടുത്തിടെയും പറഞ്ഞത്. എവിടെ നിന്ന്, എങ്ങനെയാണ് ചോർന്നതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. പാലക്കാട്, വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ വോട്ടെടുപ്പിന് തൊട്ടുമുൻപായിരുന്നു ഇ.പി ജയരാജന്റെ ആത്മകഥ കട്ടൻ ചായയും പരിപ്പുവടയും എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നതായി ഡിസി ബുക്‌സ് സോഷ്യൽ മീഡിയ പേജിലൂടെ പരസ്യം നൽകിയത്. പിന്നാലെ ആത്മകഥയുടെ ചില ഭാഗങ്ങൾ ചോർന്ന് മാദ്ധ്യമങ്ങൾക്ക് ലഭിക്കുകയായിരുന്നു.
അവസരവാദ രാഷ്‌ട്രീയത്തെക്കുറിച്ച് പരാമർശിക്കുന്നിടത്ത് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ഡോ. പി. സരിന്റെ കാര്യം ഉൾപ്പെടെ പരാമർശിച്ചത് വിവാദവുമായി. ഇതിന് പിന്നാലെ പുറത്ത് വന്നത് തന്റെ പുസ്തകമല്ലെന്നും പുസ്തകം പുറത്തിറക്കാൻ ഡിസി ബുക്‌സുമായി കരാറില്ലെന്നും അറിയിച്ച് ഇ.പി ജയരാജനും രംഗത്തെത്തുകയായിരുന്നു. മാതൃഭൂമി ബുക്‌സുമായി പുസ്തകം പുറത്തിറക്കാൻ ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും ഡിസിയുടെ പുസ്തകത്തെക്കുറിച്ച് അറിയില്ലെന്നും ആയിരുന്നു ജയരാജന്റെ വാക്കുകൾ.
സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ഇ.പി ജയരാജൻ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ ഡിസി ബുക്‌സ് അധികൃതരിൽ നിന്നുൾപ്പെടെ പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. പുസ്തകം ഡിസി ബുക്‌സിന് നൽകിയില്ലെന്ന് ആയിരുന്നു ജയരാജന്റെ ആദ്യ വാദം. എന്നാൽ അടുത്തിടെ നടത്തിയ പ്രതികരണത്തിൽ ആത്മകഥ ചോർന്നതാണെന്ന് ഇ.പി. സമ്മതിച്ചിരുന്നു.