തിരുവന്തപുരം: ശാന്തിഗിരി ആശ്രമത്തില്‍ പൂജിതപീഠം സമര്‍പ്പണത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ത്ഥനയ്‌ക്കും വ്രതാനുഷ്ഠാനങ്ങള്‍ക്കും ഇന്ന് തുടക്കമായി. രാവിലെ 6 മണിയുടെ ആരോധനയെത്തുടര്‍ന്ന് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങി ഗുരുധര്‍മ്മപ്രകാശസഭ അംഗങ്ങള്‍ ചേര്‍ന്ന് താമരപര്‍ണ്ണശാലയില്‍ പുഷ്പ സമര്‍പ്പണം നടത്തി. സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഗുരുഭക്തരും പ്രാര്‍ത്ഥനാലയത്തില്‍ വലംവെച്ച് പ്രാര്‍ത്ഥിച്ചു. 41 ദിവസത്തെ വ്രതമാണ് പൂജിതപീഠം സമര്‍പ്പണത്തോടനുബന്ധിച്ച് നടക്കുന്നത്. ആശ്രമം ബ്രാഞ്ചുകളില്‍ സത്സംഗം, കുടുംബയോഗങ്ങള്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ തുടങ്ങി നിരവധി പരിപാടികളാണ് പൂജിതപീഠം സമര്‍പ്പണത്തിന്റെ ഭാഗമായി നടക്കുന്നത്.
ഫെബ്രുവരി 22 നാണ് പൂജിതപീഠം സമര്‍പ്പണം ദിനം. എക്കാലവും ശാന്തിഗിരി പരമ്പരയെ നയിക്കാന്‍ ജ്ഞാനിയായ ഒരു ഗുരുസ്ഥാനം ഉണ്ടായിരിക്കും എന്ന ഗുരുവാക്കിനെ അന്വര്‍ത്ഥമാക്കി ശിഷ്യയായ അമൃത ജ്ഞാന തപസ്വിനി ആത്മീയ അവസ്ഥകള്‍ കടന്ന് ഗുരുവിന്റെ ശിഷ്യപൂജിതയായ പുണ്യദിനമാണ് ശാന്തിഗിരി പരമ്പര പൂജിതപീഠം സമര്‍പ്പണ ദിനമായി ആഘോഷിക്കുന്നത്. സ്വന്തം ശിഷ്യയെ തന്നോളമെത്തിച്ച ഗുരു-ശിഷ്യ പാരസ്പര്യത്തിന്റെ മഹനീയതയാണ് ഈ ആഘോഷത്തിലൂടെ വിളംബരം ചെയ്യപ്പെടുന്നത്. 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശേഷം അന്നേ ദിവസം പ്രത്യേക പ്രാര്‍ത്ഥനയും വിവിധ സമര്‍പ്പണങ്ങളും നടക്കും. അര്‍ദ്ധവാര്‍ഷിക കുംഭമേളയോടെയാണ് ആഘോഷപരിപാടികള്‍ സമാപിക്കുക.