ജനുവരി 14 ന് മകരച്ചൊവ്വ; ഭദ്രകാളിയെയും ശ്രീ സുബ്രഹ്മണ്യനെയും ഭജിക്കേണ്ട ദിനം; പ്രാധാന്യവും പ്രത്യേകതകളും അറിയാം

Published by
Janam Web Desk

കേരളീയ താന്ത്രിക ജ്യോതിഷ രീതിയനുസരിച്ച് മലയാള മാസത്തിലെ ആദ്യത്തെ ആഴ്ചകളിലെ ദിവസങ്ങളെ മുപ്പട്ട് ദിനങ്ങളായി കണക്കാക്കുന്നു. അങ്ങിനെ വരുമ്പോൾ എല്ലാ മാസത്തിലെയും ആദ്യത്തെ ചൊവ്വാഴ്ച മുപ്പട്ട് ചൊവ്വ ആണ്. എല്ലാ മാസത്തിലെയും മുപ്പട്ട് ചൊവ്വ ഭദ്രകാളിക്കും മുരുകനും പ്രധാനമാണ്. മകരമാസത്തിലെ മുപ്പട്ട് ചൊവ്വയ്‌ക്ക് കുറേക്കൂടി പ്രാധാന്യമുണ്ട്. മകര മാസത്തിലെ മുപ്പട്ട് ചൊവ്വാഴ്ച അതായത് മകര മാസത്തില്‍ വരുന്ന ആദ്യത്തെ ചൊവ്വാഴ്ചയാണ് മകരച്ചൊവ്വയായി ആഘോഷിച്ച് വരുന്നത്. ഇതനുസരിച്ചു ഈ വർഷം ജനുവരി 14 നാണ് മകരച്ചൊവ്വ. അന്ന് മകരസംക്രമ ദിനവും കൂടിയാണ്.

ചൊവ്വയുടെ ഉച്ചക്ഷേത്രം അതായത് ചൊവ്വ ബലവാനാകുന്ന രാശിയാണ് മകരം.ചൊവ്വയുടെ അധിദേവതകൾ സുബ്രഹ്മണ്യസ്വാമിയും ഭദ്രകാളിയേയുമാണ്.ദശമഹാവിദ്യകളിൽെപ്പട്ട മന്ത്രമൂർത്തിയാണ് കാളീദേവി. കേരളത്തില്‍ ഭദ്രകാളി, ദേവീ ക്ഷേത്രങ്ങളില്‍ മകരച്ചൊവ്വ വളരെ പ്രധാനപ്പെട്ടതാണ്. ഈ ദിനത്തില്‍ ഭദ്രകാളീ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും വഴിപാടുകളും പൂമൂടല്‍, പൊങ്കാല എന്നിവയെല്ലാം വളരെയധികം പ്രാധാന്യത്തോടെ നടത്തുന്നു. പല ഭദ്ര കാളി ക്ഷേത്രങ്ങളിലും ഉത്സവം തുടങ്ങുന്നതോ അവസാനിക്കുന്നതോ മകരച്ചൊവ്വയിൽ ആയിരിക്കും. ആ ദിനം മാത്രമായി ഉത്സവം ആഘോഷിക്കുന്ന ക്ഷേത്രങ്ങളും ഉണ്ട്. ഭദ്രകാളീക്ഷേത്രങ്ങളില്‍ ദേവിയുടെ കളം വരച്ച് പൂജനടത്തുകയും, ക്ഷേത്രം തന്ത്രി വന്ന് നവകം മുതലായവ ഭഗവതിയ്‌ക്ക് ആടിചൈതന്യത്തെ ശക്തിപ്പെടുത്തുകയുംചെയ്യുന്നു.

ഈ ദിനത്തിലെ ദേവീക്ഷേത്ര ദര്‍ശനം വളരെ പ്രധാനപ്പെട്ടതാണ്. ഈ ദിനത്തില്‍ നടത്തുന്ന പ്രാർത്ഥനയും ജപവും വഴിപാടുകളും ഏത് പ്രതിസന്ധി ഘട്ടങ്ങളേയും തരണം ചെയ്യാന്‍ ദേവി അനുഗ്രഹിക്കുന്നു. മകര ചൊവ്വക്ക് ഭദ്രകാളീക്ഷേത്ര ദർശനം അതിമധുര പായസ നിവേദ്യം ഇവ നടത്തുന്നത് ചൊവ്വ ദോഷത്തിന് പരിഹാരമാണ്

ഓം കാളീം മേഘസമപ്രഭാം ത്രിനയനാം, വേതാളകണ്ഠസ്ഥിതാം
ഘഡ്ഗം ഖേട കപാല ദാരികശ്ശിരഃ കൃത്യാം കരാഗ്രേഷ്ഠ ച
ഭൂത പ്രേത പിശാച മാതൃ സഹിതാം, മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ഠ മസൂരികാദി വിപദാം സംഹാരിണീം ഈശ്വരീം.

എന്ന ധ്യാന ശ്ലോകം ജപിക്കുക.

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലും കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലും ഈ ദിനത്തിന് വലിയ പ്രാധാന്യമുണ്ട്.

മകരച്ചൊവ്വ ദിവസം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനം നടത്തുക. ഷഷ്ഠി ആണെങ്കിൽ വ്രതം കൃത്യമായ അനുഷ്ടാനങ്ങളോടെ എടുക്കുക എന്നതും പ്രധാനമാണ്. സുബ്രഹ്മണ്യ പ്രീതികരങ്ങളായ മന്ത്രങ്ങളും സുബ്രമണ്യ ഗായത്രിയും ജപിക്കാൻ മറക്കരുത്.

ഏവർക്കും മംഗളകരമായ ഒരു മകരച്ചൊവ്വ ദിനം ആശംസിക്കുന്നു.

Share
Leave a Comment