ന്യൂഡൽഹി: ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ 150-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് ‘മിഷൻ മൗസം’ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
‘വെതർ-റെഡി, ക്ലൈമറ്റ് സ്മാർട്ട്’ രാജ്യമാക്കി ഇന്ത്യയെ മാറ്റുന്നതിൽ ‘മിഷൻ മൗസം’ നിർണായക പങ്കുവഹിക്കും. അത്യാധുനിക കാലാവസ്ഥാ നിരീക്ഷണ സാങ്കേതിക സംവിധാനങ്ങളിലൂടെ, പുതുതലമുറ റഡാറുകളും ഉപഗ്രഹങ്ങളും, ഉയർന്ന പ്രവർത്തനക്ഷമതയുള്ള കമ്പ്യൂട്ടറുകളും വിന്യസിച്ച്, മെച്ചപ്പെട്ട അന്തരീക്ഷ നിരീക്ഷണങ്ങൾ നടത്തുകയാണ് മിഷൻ മൗസം ലക്ഷ്യമിടുന്നത്. കാലാവസ്ഥയും, കാലാവസ്ഥാ പ്രക്രിയകളും സംബന്ധിച്ച ധാരണകൾ മെച്ചപ്പെടുത്തുന്നതിലും മിഷൻ മൗസം ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുത്തുന്നതിനും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് വഹിച്ചിട്ടുള്ള പങ്ക് വിവരിക്കുന്ന IMD വിഷൻ-2047 എന്ന ഡോക്യുമെൻ്റും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. കാലാവസ്ഥാ പ്രവചനം, കാലാവസ്ഥാ മാനേജ്മെൻ്റ്, കാലാവസ്ഥാ വ്യതിയാന ലഘൂകരണം എന്നിവയ്‌ക്കുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ഐഎംഡിയുടെ 150-ാം സ്ഥാപക ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 150 വർഷത്തെ നേട്ടങ്ങൾ, ഇന്ത്യയുടെ കാലാവസ്ഥയെ പ്രവചിക്കുന്നതിലുള്ള പങ്ക് എന്നിവ പ്രദർശിപ്പിക്കുന്നതിന് നിരവധി പരിപാടികളും ശിൽപശാലകളും സംഘടിപ്പിച്ചിട്ടുണ്ട്.