കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യഹർജിയെ എതിർക്കാനാണ് പൊലീസിന്റെ തീരുമാനം. നിലവിൽ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ തുടരുകയാണ് ബോബി ചെമ്മണ്ണൂർ.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയെ സമീപിച്ചത്. കസ്റ്റഡി അപേക്ഷ പോലും പൊലീസ് നൽകിയിട്ടില്ലെന്നും ഈ സാഹചര്യത്തിൽ റിമാൻഡിൽ തുടരേണ്ട സാഹചര്യം ഇല്ലെന്നുമാണ് ജാമ്യഹർജിയിൽ പറയുന്നത്. എന്നാൽ നടിയെ പിറകെ നടന്ന് അപമാനിച്ചുവെന്നും പൊതുപരിപാടിയിൽ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിക്കുക.
ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്. രാഹുൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി ഇത് പരിഗണിക്കാനായി മാറ്റി. ജനുവരി 27നാണ് ഹർജി പരിഗണിക്കുക. അതുവരെ രാഹുലിന്റെ അറസ്റ്റ് തടഞ്ഞിട്ടില്ല.