നാ​ഗ് മാർക്കിന് ഫുൾ‌ മാർക്ക്!! ഇന്ത്യ വികസിപ്പിച്ച മൂന്നാം തലമുറ ടാങ്ക് വേധ മിസൈലിന്റെ പരീക്ഷണം വിജയം

Published by
Janam Web Desk

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക്-വേധ മിസൈലായ നാ​ഗ് മാർക്ക് 2-ന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർ​ഗനൈസേഷൻ. ഇന്ത്യൻ ആർമിയിലെ മുതിർന്ന ഉദ്യോ​ഗസ്ഥരുടെ സാന്നിധ്യത്തിൽ രാജസ്ഥാനിലെ പൊഖ്റാൻ ഫീൽഡ് റേഞ്ചിലായിരുന്നു പരീക്ഷണം നടത്തിയത്. മൂന്നാം തലമുറ ടാങ്ക്-വേധ ഫയർ ആൻഡ് ഫോർ​ഗറ്റ് ​ഗൈഡഡ് മിസൈലാണ് നാ​ഗ് മാർക്ക്-2.

പൊഖ്റാനിൽ തിങ്കളാഴ്ച നടന്ന പരീക്ഷണത്തിൽ നാ​ഗ് മിസൈൽ കാരിയർ വേർഷൻ-2ന്റെ പ്രകടനവും വിലയിരുത്തി. മൂന്ന് ഫീൽഡ് ട്രയലുകളാണ് പൊഖ്റാനിൽ നടന്നത്. ഇതോടെ മുഴുവൻ ആയുധ സംവിധാനവും ഇന്ത്യൻ സൈന്യത്തിന്റെ ഭാ​ഗമാകാൻ സജ്ജമായിക്കഴിഞ്ഞു.

നൂതനമായ ഫയർ-ആൻഡ്-ഫോർഗെറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മിസൈലാണിത്. വിക്ഷേപണത്തിന് മുമ്പ് ടാർഗെറ്റുകളിലേക്ക് ലോക്ക് ചെയ്യാനും സങ്കീർണ്ണമായ യുദ്ധസാഹചര്യത്തിൽ പോലും കൃത്യതയോടെ പ്രഹരിക്കാനും ഇതിന് സാധിക്കും. ആധുനിക കവചിത ഭീഷണികളെ നിർവീര്യമാക്കുന്ന വിധത്തിലാണ് ഈ മിസൈൽ ഡിആർഡിഒ പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നാഗ് മാർക്ക് 2-ന്റെ ഫീൽഡ് പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെ ഡിആർഡിഒയെയും ഇന്ത്യൻ സൈന്യത്തെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.

Share
Leave a Comment