കോയമ്പത്തൂർ: തമിഴ്നാട്ടിൽ ഇന്ന് തൈപൊങ്കൽ: തമിഴരുടെ വിളവെടുപ്പ് ഉത്സവമാണ് പൊങ്കൽ. തമിഴ്‌നാട്ടിലെ പുതുവർഷം തുടങ്ങുന്നതും പൊങ്കൽ ആഘോഷത്തിലാണ്.
തമിഴ് കലണ്ടർ പ്രകാരമുള്ള തൈമാസത്തിന്റെ തുടക്കത്തിലാണ് തമിഴ് ജനത പൊങ്കൽ ആഘോഷിക്കുന്നത്. മാർഗഴി മാസമാണ് കഴിഞ്ഞത്. മാർഗഴി മാസത്തിൽ ശുഭകാര്യങ്ങളൊന്നും ചെയ്യാറില്ല. തൈമാസത്തിലാണ് വിവാഹം, കാതുകുത്ത് ഗൃഹപ്രവേശം എന്നിങ്ങിനെ ശുഭകരമായ ചടങ്ങുകൾ നടത്താറുള്ളത്. മലയാളികൾ കർക്കിടകത്തിൽ ചെയ്യുന്നത് പോലെ മാർഗഴി മാസത്തിന്റെ അവസാനദിനത്തിൽ വീടുകളിലുള്ള പഴയതും ഉപയോഗശൂന്യമായതുമായ വസ്‌തുക്കൾ കത്തിച്ച്, വീട് വൃത്തിയാക്കും. മുറ്റം ചാണകം കൊണ്ട് മെഴുകി എരുക്കിലയും മാവിലയും കുരുത്തോലയും ഔഷധ വള്ളികളും ചേർത്ത് ചെറിയ കെട്ടുകളാക്കി വീടിന്റെ നാലു മൂലകളിലും സ്ഥാപിക്കും.ഈ ചടങ്ങാണ് കാപ്പുകെട്ട്.
കന്നുകാലികൾക്ക് തമിഴ് സംസ്കാരത്തുനിൽ വളരെയേറെ സ്ഥാനമുണ്ട്. അതിനാൽ കാലികൾക്കുള്ള സ്ഥലവും വൃത്തിയാക്കി കാപ്പുകെട്ടും.
വളരെ വിപുലമാണ് പൊങ്കൽ ഉത്സവം. തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ, പൂപ്പൊങ്കൽ എന്നിവ ചേർന്നതാണ് ഇത്. തൈപ്പൊങ്കൽ ആഘോഷിക്കുമ്പോൾ വീടുകളിൽ പൊങ്കൽവെച്ച് നിവേദിക്കും. വീട്ടുമുറ്റത്ത് കോലംവരച്ച്,പ്രത്യേകം തയ്യാറാക്കിയ അടുപ്പിൽ അലങ്കരിച്ച പുതിയ മൺപാത്രത്തിൽ പുന്നെല്ലരി ഉപയോഗിച്ചാണ് പൊങ്കൽ വെയ്‌ക്കുന്നത്. അത് പ്രകൃതിക്കുള്ള നിവേദ്യമാണ്. പൊങ്കൽ വെയ്‌ക്കുന്നതിന് സമീപത്തായി കരിമ്പും വാഴകളും നടും. സൂര്യദേവനു വേണ്ടിയും നിവേദ്യമുണ്ട്.
ഉത്സവത്തിന്റെ മറ്റൊരു പ്രധാന ദിനമായ മാട്ടുപ്പൊങ്കൽ, തൈപ്പൊങ്കൽ ദിനത്തിന്റെ തൊട്ടു പിറ്റേ ദിവസമാണ് അന്നേ ദിവസം കന്നുകാലികളെ കുളിപ്പിച്ച് വൃത്തിയാക്കി കുറിതൊടീക്കുകയും പട്ടുവസ്ത്രങ്ങൾ ചുറ്റിക്കുകയും കൊമ്പുകളിൽ ചായം പൂശുകയും ചെയ്യും. വയലിൽകൊണ്ടുപോയി വയൽ ദേവതകൾക്ക് നിവേദ്യം നൽകും. തുടർന്ന് ഗോപൂജയുണ്ട്. ഭൂമീദേവിയെയും കന്നുകാലികളെയും മണ്ണിൽ പണിയെടുക്കുന്നവരെയും ആദരിക്കുന്ന മഹത്തായ ഉത്സവം ആണ് പൊങ്കൽ.
മാട്ടുപ്പൊങ്കൽ, ദിനത്തിന്റെ പിറ്റേന്നാണ് പൊങ്കൽ ഉത്സവത്തിന്റെ സമാപന ചടങ്ങായ പൂപ്പൊങ്കൽ. മണ്ണുകൊണ്ട് വിഗ്രഹങ്ങൾ ഉണ്ടാക്കി പുഴയിൽ ഒഴുക്കുന്ന ചടങ്ങാണ് ഈ ദിവസത്തെ പ്രത്യേകത.
കേരളത്തിലെ തമിഴ് സമൂഹങ്ങളും പൊങ്കൽ വിപുലമായി തന്നെ ആഘോഷിക്കുന്നുണ്ട്.
Leave a Comment