ഭുവനേശ്വർ: അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ചവർക്ക് സൗജന്യ ചികിത്സയും 20,000 രൂപ പെൻഷനും പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ. 1971ലെ മെയിന്റനൻസ് ഓഫ് ഇന്റേണൽ സെക്യൂരിറ്റി ആക്ട്, ഡിഫൻസ് ഓഫ് ഇന്ത്യ റൂൾസ് എന്നിവ പ്രകാരം 1975 ജൂൺ 25നും 1977 മാർച്ച് 21നും ഇടയിലുള്ള കാലയളവിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ തടവനുഭവിച്ചവർക്കാണ് പെൻഷൻ ലഭിക്കുക. മുഖ്യമന്ത്രി മോഹൻ ചരൺ മാജിയാണ് ഇക്കാര്യം അറിയിച്ചത്. 2025 ജനുവരി ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വന്നതായും സർക്കാർ വ്യക്തമാക്കി.
അടിയന്തരാവസ്ഥക്കാലത്ത് തടങ്കലിലായ നേതാക്കളുടെ കൃത്യമായ എണ്ണത്തെക്കുറിച്ചും അവരിൽ എത്രപേർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടെന്നുമുള്ള ഔദ്യോഗിക വിവരങ്ങളും സംസ്ഥാന സർക്കാരിന്റെ പക്കലില്ലെങ്കിലും, പെൻഷൻ തുക വിതരണം ചെയ്യാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥയെ തുടർന്ന് തടവിലായവരെ തിരിച്ചറിയാൻ ജയിൽ രേഖകൾ സർക്കാർ വിശകലനം ചെയ്യും.
അഖിലേന്ത്യാ സ്വാതന്ത്ര്യ സമര സേനാനികളുടെ ദിനത്തോടനുബന്ധിച്ച് ജനുവരി 2ന് നടന്ന ചടങ്ങിലായിരുന്നു അടിയന്തരാവസ്ഥക്കാലത്ത് തടവിലാക്കപ്പെട്ടവർക്ക് പെൻഷൻ നൽകുമെന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പ്രഖ്യാപിച്ചത്. തുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിലാണ് ഔദ്യോഗിക ഉത്തരവ് വന്നിരിക്കുന്നത്.
ഇന്ത്യക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1975 മുതൽ 1977 വരെ 21 മാസക്കാലമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. ഇതിനെതിരെ ബിജെപി നേതൃത്വം എക്കാലവും ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് തടങ്കലിൽ കഴിഞ്ഞവർക്ക് പെൻഷൻ നൽകുന്ന മറ്റ് സംസ്ഥാനങ്ങളുടെ കൂട്ടത്തിലേക്ക് ഇതോടെ ഒഡിഷ സർക്കാരും ഭാഗമായിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഈ നയം നിലവിലുള്ളത്.















