കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി പരിഗണിച്ച് ഹൈക്കോടതി. പ്രതി ദ്വയാർത്ഥ പ്രയോഗം നടത്തിയിട്ടില്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യ ഹർജിയിലെ പരാമർശങ്ങൾ പലതും പരാതിക്കാരിയെ വീണ്ടും അധിക്ഷേപിക്കുന്നതാണെന്നും കോടതി വിലയിരുത്തി. ഹണി റോസിന് അസാമാന്യ മികവൊന്നുമില്ലെന്ന ജാമ്യാപേക്ഷയിലെ പരാമർശത്തെയാണ് കോടതി വിമർശിച്ചത്. ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തിയാലുണ്ടാകുന്ന പ്രത്യാഘാതം പൊതുജനം മനസിലാക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
കസ്റ്റഡിയിൽ ഇനി ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചു. എന്നാൽ കസ്റ്റഡിയിൽ വേണ്ടെന്ന് പൊലീസ് അറിയിച്ചതിനാൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം നൽകാമെന്ന് കോടതി വ്യക്തമാക്കി. വാക്കാലാണ് കോടതിയുടെ പരാമർശം. വൈകിട്ട് 3.30ന് വിശദമായ ജാമ്യ ഉത്തരവ് പുറപ്പെടുവിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഡബിൾ മീനിംഗ് നടത്തിയിട്ടില്ലെന്ന് പ്രതിഭാഗത്തിന് എങ്ങനെ പറായാനാകും? ഹർജിയിൽ നടിയെ വീണ്ടും അപമാനിക്കുന്നുണ്ടല്ലോയെന്നായിരുന്നു കോടതിയുടെ വാക്കുകൾ. പൊതുജനമദ്ധ്യത്തിൽ പ്രതി ദ്വയാർത്ഥ പ്രയോഗം നടത്തിയതിന് ശേഷവും കഴുത്തിൽ മാലയണിഞ്ഞ് നടിയെ കറക്കി നിർത്തിയതിന് ശേഷവും നടി പക്വതയോടെയാണ് പെരുമാറിയതെന്നും കോടതി പരാമർശിച്ചു. സ്വയം സെലിബ്രിറ്റി സ്റ്റാറ്റസുണ്ടെന്ന് കരുതുന്ന ഈ മനുഷ്യൻ (ബോ.ചെ) എന്തിനാണീ ഇങ്ങനെയൊക്കെ കാണിക്കുന്നതെന്നും കോടതി ആരാഞ്ഞു.
ആർക്കെതിരെയും എന്തും സമൂഹമാദ്ധ്യമങ്ങളിൽ പറയാമെന്ന അവസ്ഥയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ബോബി ചെമ്മണ്ണൂർ ഇത്തരം പരാമർശങ്ങൾ സ്ഥിരമായി നടത്തുന്നയാളാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ബോബി ചെമ്മണ്ണൂരിന്റെ മറ്റ് ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ ദൃശ്യങ്ങള്‍ ഹൈക്കോടതി പരിശോധിക്കുകയും ചെയ്തു. പരിപാടിയില്‍ വച്ച് പ്രതി ഒരു തെറ്റും ചെയ്തില്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി അടിവരയിട്ട് പറഞ്ഞു.
കസ്റ്റഡി അപേക്ഷ പൊലീസ് നൽകിയിട്ടില്ലെന്നും റിമാൻഡിൽ തുടരേണ്ട സാഹചര്യമില്ലെന്നും ബോ.ചെ ഹർജിയിൽ പറഞ്ഞിരുന്നു. ഈ കാര്യം പരിഗണിച്ചാണ് ജാമ്യം അനുവദിക്കാമെന്ന് കോടതി അറിയിച്ചത്.
Leave a Comment