ന്യൂഡൽഹി: ആംആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അതിഷി മർലേനയ്‌ക്കെതിരെ കേസ്. ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് മുഖ്യമന്ത്രിക്കെതിരെ റിട്ടേണിംഗ് ഓഫീസർ എഫ്ഐആർ ഫയൽ ചെയ്തത്. അതിഷിയുടെ സ്വകാര്യ ആവശ്യങ്ങൾക്ക് സർക്കാർ വാഹനം ഉപയോഗിച്ചുവെന്ന് കേസിൽ പറയുന്നു.
ജനുവരി 7ന് ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം എഎപിയുടെ തെരഞ്ഞെടുപ്പ് ഓഫീസിലേക്ക് പ്രചാരണ സാമഗ്രികൾ എത്തിക്കുന്നതായി പിഡബ്ല്യൂഡി സർക്കാർ വാഹനം ഉപയോഗിച്ചെന്നാണ് പരാതി. കൽക്കാജി നിവാസിയായ കെഎസ് ദുഗ്ഗൽ ഗോവിന്ദ്പുരിയാണ് എസ്എച്ച്ഒയ്‌ക്ക് പരാതി നൽകിയത്.
സംഭവത്തിന്റെ ഗൗരവം മനസിലായതോടെ സൗത്ത്-ഈസ്റ്റ് ഡിവിഷണൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സഞ്ജയ് കുമാറിനെതിരെ ഉടൻ നടപടിയെടുക്കാൻ റിട്ടേണിംഗ് ഓഫീസർ പൊലീസിന് നിർദേശം നൽകി.
കൽക്കാജിയിൽ നിന്നുള്ള എംഎൽഎയാണ് അതിഷി. വരുന്ന തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റിൽ നിന്നുതന്നെയാണ് അതിഷി മത്സരിക്കുന്നത്. അഴിമതി ആരോപണത്തെ തുടർന്ന് അരവിന്ദ് കേജരിവാൾ റിമാൻഡിലായ സാഹചര്യത്തിലായിരുന്നു ആംആദ്മിയുടെ പ്രധാനമുഖമായ അതിഷി മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത്.















