ചെന്നൈ: തമിഴ്നാട് വില്ലുപുരത്ത് പാസഞ്ചർ ട്രെയിനിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. വില്ലുപുരത്ത് നിന്ന് പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിന്റെ കോച്ചുകളാണ് വില്ലുപുരം റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് പാളം തെറ്റിയത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുതിർന്ന ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.
പുലർച്ചെ 5.25-ന് വില്ലുപുരത്തു നിന്ന് പുറപ്പെട്ട മെമു (മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനാണ് ഒരു വളവ് കടക്കുന്നതിനിടെ പാളം തെറ്റിയത്. ഉയർന്ന ശബ്ദം കേട്ട് ലോക്കോ പൈലറ്റ് ട്രെയിൻ ഉടൻ നിർത്തിയതിനാലാണ് വൻ അപകടം ഒഴിവായത്. ട്രെയിൻ എടുത്തതിന് പിന്നാലെയാണ് ശബ്ദം കേട്ടത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു.
റെയിൽവേ ഉദ്യോഗസ്ഥരും എഞ്ചിനീയർമാരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പാളം തെറ്റിയ ട്രെയിനിന്റെ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. അപകടകാരണം വ്യക്തമല്ല. സാങ്കേതിക തകരാറാണോ അട്ടിമറിയാണോ എന്നതിനെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്.
മുഴുവൻ യാത്രക്കാരെയും ട്രെയിനിൽ നിന്ന് പുറത്തേക്ക് മാറ്റി. സംഭവത്തിൽ വില്ലുപുരം റെയിൽവേ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെയാണ് ദുരന്തം ഒഴിവായതെന്ന് യാത്രക്കാർ പറഞ്ഞു. 38 കിലോമീറ്റർ സഞ്ചരിക്കുന്ന ഹ്രസ്വദൂര ട്രെയിനാണ് മെമു ട്രെയിൻ.















