താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനം ഒഴിയുന്നതായി നടൻ ഉണ്ണി മുകുന്ദൻ. ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമാണെന്നും പ്രൊഫഷണൽ ജീവിതത്തിലെ സമ്മർദ്ദങ്ങൾ മാനസികാരോഗ്യത്തെ അടക്കം ബാധിച്ചുവെന്നും നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
” ഏറെ ആലോചനയ്‌ക്കും ശേഷം അമ്മയുടെ ട്രഷറർ സ്ഥാനം ഒഴിയാനുള്ള തീരുമാനമെടുത്തു. ഈ തീരുമാനം എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയതായിരുന്നു. ഈ പദവി ഞാൻ ശരിക്കും ആസ്വദിച്ചിരുന്നു. ആസ്വദ്യകരവും ആവേശകരവുമായ എക്സ്പീരിയൻസായിരുന്നു അത്.
എന്നാൽ ഇക്കഴിഞ്ഞ മാസങ്ങളിൽ, പ്രത്യേകിച്ചും മാർക്കോയ്‌ക്ക് പിന്നാലെ ജോലി സമ്മർദ്ദം വർദ്ധിച്ചത് എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. എന്റെ പ്രൊഫഷണൽ ജീവിതത്തിലെ സമ്മർദങ്ങൾക്കൊപ്പം, ഈ ഉത്തരവാദിത്തങ്ങളും കൂടിയാകുമ്പോൾ താങ്ങാവുന്നതിലും അധികമായി. എന്റെയും എന്റെ കുടുംബത്തിന്റെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രാധാന്യം ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു.
ഇതുവരെ നൽകിയ ചുമതലകൾ ഏറ്റവും ഭംഗിയായി നിർവഹിച്ചിട്ടുണ്ട്.
എന്നാൽ വരാനിരിക്കുന്ന വലിയ ചുമതലകൾ ഫലപ്രദമായി നിറവേറ്റാൻ കഴിയില്ലെന്ന് തിരിച്ചറിയുന്നു. ഹൃദയഭാരത്തോടെയാണ് ഞാൻ രാജി സമർപ്പിക്കുന്നത്. ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ ഞാൻ സേവനത്തിൽ തുടരും. എനിക്ക് ലഭിച്ച വിശ്വാസത്തിനും പിന്തുണയ്‌ക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. കൂടാതെ ഈ എന്റെ പിൻഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു. നിങ്ങളുടെ തുടർച്ചയായ പിന്തുണയ്‌ക്കും എല്ലാവർക്കും നന്ദി”- ഉണ്ണി മുകുന്ദൻ കുറിച്ചു.