ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്ക് ശക്തി പകരാൻ ലോക്ജനശക്തി പാർട്ടിയും. നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തെ ശക്തിപ്പെടുത്തുന്ന സീറ്റുകളിൽ മാത്രമായിരിക്കും മത്സരം. ജാർഖണ്ഡിനെപ്പോലെ ഡൽഹി തെരഞ്ഞെടുപ്പിലും സീറ്റുകളുടെ എണ്ണത്തേക്കാൾ വിജയസാധ്യതയ്‌ക്കാണ് പ്രാധാന്യമെന്നും പാസ്വാൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
എഎപിയും അരവിന്ദ് കെജ്‍രിവാളും നൽകിയ വ്യാജ വാഗ്ദാനങ്ങൾ ഡൽഹി ജനത തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിക്കാനായി പൂർവ്വാഞ്ചൽ, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ളവരെ വ്യാജൻമാരായി മുദ്രകുത്തിയത് ജനങ്ങൾ മറക്കില്ല. ഇത് മനസ്സിൽ വെച്ചുകൊണ്ട് ഡൽഹി വോട്ട് ചെയ്യുമെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ദേശീയ തലസ്ഥാനത്തെ 70 നിയമസഭാ സീറ്റുകളിൽ 59 എണ്ണത്തിലും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. അവശേഷിക്കുന്ന സീറ്റുകളിൽ വിജയസാധ്യത പരിഗണിച്ച് എൻഡിഎ സഖ്യകക്ഷികളായ ജെഡിയു, ചിരാഗ് പാസ്വാന്റെ എന്നിവയ്‌ക്ക് വിട്ടു നൽകും.
ഫെബ്രുവരി അഞ്ചിന് ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 17 ആണ്. ജനുവരി 20 വരെ പത്രിക പിൻവലിക്കാം.















