മാഡ്രിഡ്: ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മുൻ കാലങ്ങളേക്കാൾ ശക്തമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും എസ് ജയശങ്കർ പറഞ്ഞു. മാഡ്രിഡിൽ സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ ആൽബെറസിനൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്ത്യ-യുഎസ് ബന്ധം ഇന്ന് കൂടുതൽ ശക്തമായിരിക്കുകയാണ്. ഈ ബന്ധം തുടർന്നും ഉണ്ടാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ അടുത്ത ബന്ധമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും നേതൃത്വത്തിൽ ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ വളർച്ചയുണ്ടാവും”.
യുഎസ് പ്രഡിന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കാൻ പോവുകയാണ്. ഇന്ത്യയെ പ്രതിനിധികരിച്ച് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഞാൻ പങ്കെടുക്കും. ഈ ബന്ധം കൂടുതൽ ദൃഢമാകുമെന്ന ആത്മവിശ്വാസം തങ്ങൾക്കുണ്ടെന്നും എസ് ജയശങ്കർ പറഞ്ഞു.
ഇന്ത്യ- യുഎസ് ബന്ധം പോലെ ഇന്ത്യ- സ്പെയിൻ സഹകരണവും ശക്തമാകുമെന്ന് ജയശങ്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്പെയിൻ സന്ദർശനത്തിലാണ് അദ്ദേഹം. വിദേശകാര്യ മന്ത്രി ആയതിന് ശേഷമുള്ള ജയശങ്കറിന്റെ ആദ്യ സ്പെയിൻ സന്ദർശനമാണിത്.
ജനുവരി 20-ന് അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായി അധികാരമേൽക്കുന്ന ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജയശങ്കർ പങ്കെടുക്കും. യുഎസിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് ജയശങ്കർ ചടങ്ങിൽ പങ്കെടുക്കുന്നത്.