തിരുവനന്തപുരം: സർക്കാരിന്റെ അനാസ്ഥയിൽ ദുരിതം അനുവഭിക്കുന്നത് വാഹന ഡീലർമാരും ഉപയോക്താക്കളും. ആർസി ബുക്ക് കയ്യിൽ കിട്ടുന്നത് സ്വപ്നമായി മാറിയിരിക്കുകയാണ് കേരളത്തിൽ. ആർസി ബുക്ക് കിട്ടാനുള്ള കാലതാമസം വാഹനവിപണിയെ തന്നെ മന്ദഗതിയിലാക്കിയിരിക്കുകയാണ്.
ആർസി ബുക്ക് അച്ചടിക്കാൻ കരാർ നൽകിയിരിക്കുന്ന ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന് സർക്കാർ നൽകാനുള്ള തുകയിൽ കുടിശിക വന്നതാണ് അച്ചടി പ്രതിസന്ധിയിലായതിന് പിന്നിലെ കാരണം. അച്ചടിമുടക്കം തുടർക്കഥയായതോടെ ആർസി ബുക്ക് എത്താനും കാലതാമസം നേരിട്ട് തുടങ്ങി. സംസ്ഥാനത്തുടനീളം ആറ് ലക്ഷത്തിലധികം ആർസി ബുക്കുകൾ അച്ചടിക്കാതെ കെട്ടിക്കിടക്കുന്നതായാണ് കണക്ക്.
വാഹനം വിൽപന നടത്തി ഒരു മാസത്തിനുള്ളിൽ വെബ്‌സൈറ്റിൽ രജിസ്ട്രേഷൻ നടന്നതായി കാണിക്കുമെങ്കിലും വായ്‌പ, ഇൻഷുറൻസ് ട്രാൻസ്‌ഫർ തുടങ്ങിയവയ്‌ക്ക് അച്ചടിച്ച ആർസി ബുക്ക് തന്നെ വേണം. സെക്കൻഡി ഹാൻഡ് ഷോറൂം ഉടമകൾ വായ്പയിലൂടെയും ഓവർഡ്രാഫ്‌റ്റിലൂടെയുമൊക്കെയാണ് വാഹനങ്ങൾ വാങ്ങാനുള്ള പണം കണ്ടെത്തുന്നത്.
ഷോറൂമിലെത്തിച്ച വാഹനങ്ങൾ സമയത്ത് വിറ്റഴിയാത്തത് വൻ സാമ്പത്തിക നഷ്ടമാണ് സൃഷ്ടിക്കുന്നത്. ആർസി ബുക്ക് യഥാസമയം വാങ്ങിയ ആളുടെ പേരിലേക്ക് മാറ്റി നൽകാൻ കഴിയാത്തത് വിൽപന കുറയാനും കാരണമായി.